അന്തിക്കാട് കൊലപാതകത്തില്‍ ബി.ജെ.പി-സി.പി.എം വാക്പോര് മുറുകുന്നു : മന്ത്രി എ.സി മൊയ്ദീന്‍റെ പങ്ക് അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍

Jaihind News Bureau
Sunday, October 11, 2020

തൃശൂർ : അന്തിക്കാട് കൊലപാതകത്തിൽ ബി.ജെ.പി-സി.പി.എം വാക്പോര് മുറുകുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് അന്തിക്കാട് പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുകയാണ്. സംഭവത്തിലെ കണ്ണൂർ ബന്ധം അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

നിധിൽ കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് കണ്ണൂരിലെ സി.പി.എം പ്രവർത്തകനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിട്ടത് ഇങ്ങനെ. മൂന്ന് ദിവസത്തിനകം തൃശൂരിലെ സന്തോഷ വാർത്ത നിങ്ങളുടെ കാതുകളിൽ എത്തും. ഇതാണ് ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.

കൊലപാതകത്തിൽ ഗൂഢാലോചന ആരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ രംഗത്തുവന്നു. മന്ത്രി എ.സി മൊയ്ദീന്‍റെ പങ്ക് അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. അതേസമയം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.എം ജില്ലാ നേതൃത്വം പറയുന്നു. ബോധപൂർവം സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സി.പി.എം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ഇന്നലെയാണ് മുറ്റിച്ചൂർ സ്വദേശിയായ നിധിൽ അന്തിക്കാട് വെച്ച് കൊല്ലപ്പെടുന്നത്. നാലംഗ സംഘം കാറിൽ നിന്ന് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അന്തിക്കാട് ആദർശ് വധക്കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട നിധിൽ.