വീണ്ടും കാട്ടാന ആക്രമണം; വയോധിക കൊല്ലപ്പെട്ടു

Jaihind News Bureau
Thursday, May 22, 2025

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. 75 കാരിയായ മേരിയാണ് കൊല്ലപ്പെട്ടത്. മലക്കപ്പാറയില്‍ തമിഴ്നാട് ചെക്ക്പോസ്റ്റിന് സമീപം ഇന്നു പുലര്‍ച്ചെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

മലക്കപ്പാറ ചെക്പോസ്റ്റിന് സമീപം താമസിക്കുന്ന മേരിയുടെ വീട് പുലര്‍ച്ചെ ഒരുമണിയോടെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കാട്ടാനയുടെ ആക്രമണത്തെത്തുടര്‍ന്ന് വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മേരി പുറത്തേക്കിറങ്ങി ഓടി.

ഇതിനിടെ പിന്തുടര്‍ന്നെത്തിയ കാട്ടാന മേരിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മേരിയും മകളും മാത്രമാണ് കാട്ടാന ആക്രമിക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്.