അയ്യപ്പന്റെ സ്വത്ത് മോഷ്ടിക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരാണിത്. ഈ സര്‍ക്കാരിനെ നേരായ സര്‍ക്കാര്‍ എന്ന് പറയാനാവില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ഭക്തജനങ്ങള്‍ നല്‍കുന്ന സ്വത്ത് പോലും കട്ടെടുക്കുന്നതിന് കൂട്ട് നില്‍ക്കുന്ന ദുഷ്ട മനസ്സുള്ള സര്‍ക്കാരാണിത്. വിശ്വാസികള്‍ അമൂല്യമായി കരുതുന്ന ശബരിമലയുടെ സ്വത്ത് ലാഘവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. സ്വര്‍ണ്ണ കടത്തിന്റെ മറ്റൊരു പതിപ്പാണ് ഇതിലും നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഈകാര്യത്തില്‍ മൗനം പാലിക്കുന്നത്? വിശ്വാസ സമൂഹത്തിന്റെ ആശങ്ക ദൂരീകരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനില്ലേയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. അയ്യപ്പന്റെ സ്വത്ത് കട്ടവരെ കണ്ടെത്തിയിട്ട് വേണം ശബരിമല വികസനം ചര്‍ച്ച ചെയ്യേണ്ടത്. മുഖ്യമന്ത്രി വായ തുറന്നേ മതിയാകുവെന്നും മൗനം വെടിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഇക്കാര്യത്തില്‍ പങ്കില്ലെന്ന് എങ്ങനെ വിശ്വസിക്കാനാകും. ഹൈക്കോടതി മേല്‍നോട്ടത്തില്‍ ഉള്ള ഒരു അന്വേഷണം കൊണ്ടു മാത്രമേ ഇതില്‍ വസ്തുതകള്‍ പുറത്ത് വരികയുള്ളൂ. ശബരിമലയിലെ സ്വത്ത് സംബന്ധിച്ച് ഒരു ഓഡിറ്റ് സര്‍ക്കാര്‍ പ്രഖ്യാപിക്കണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ഒരു കാര്യവുമില്ല. ഉള്ള സ്വര്‍ണത്തില്‍ നാല് കിലോ കുറഞ്ഞു എന്നാല്‍ അത് മോഷണം എന്ന് തന്നെയാണ് പറയാന്‍ കഴിയുക. ദേവസ്വം ബോര്‍ഡിന് ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുവാന്‍ ആകില്ലെന്നും ശബരിമലയുടെ പവിത്രത നഷ്ടപ്പെടുന്ന തരത്തിലുള്ള ഈ സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.