MALAPPURAM SHOCK DEATH| വീണ്ടും ഷോക്കേറ്റ് മരണം; പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

Jaihind News Bureau
Sunday, July 27, 2025

 

തോട്ടിലേക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം  കണ്ണമംഗലം അച്ചനമ്പലം പരേതനായ പുള്ളാട്ട് അബ്ദുല്‍ മജീദിന്റെ മകന്‍ അബ്ദുല്‍ വദൂദ് (17) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ വേങ്ങര വെട്ടു തോടിലാണ് അപകടം.

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനെത്തിയ വിദ്യാര്‍ത്ഥി കടവില്‍ നിന്ന് നീന്തി കരയിലേക്ക് കയറുന്നതിനിടെ തോട്ടുകരയിലെ പോസ്റ്റില്‍ നിന്ന് പൊട്ടിവീണ ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. കൂടെയുണ്ടായിരുന്ന കൂട്ടുകാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കെഎസ്ഇബി യിലേക്ക് വിവരമറിച്ച് വൈദ്യുതി വിച്ഛേദിച്ച ശേഷം വിദ്യാര്‍ത്ഥിയെ കരക്കെത്തിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി നാട്ടുകാര്‍ പറഞ്ഞു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അച്ചനമ്പലം ജുമാമസ്ജിദില്‍ കബറടക്കും.