വോട്ടർ പട്ടികയില്‍ വീണ്ടും ഗുരുതര ക്രമക്കേട് ; രമേശ് ചെന്നിത്തല പരാതി നല്‍കി

Jaihind News Bureau
Tuesday, March 23, 2021

തിരുവനന്തപുരം : വോട്ടര്‍പട്ടികയിലെ മറ്റൊരു ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ ചൂണ്ടിക്കാണിച്ച ശൈലിയിലുള്ള കൃത്രിമത്തിന് പുറമേ ഗുരുതരമായ മറ്റൊരു ക്രമക്കോണ് കണ്ടെത്തിയത്. ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാരെ സൃഷ്ടിക്കുന്നതാണ് ക്രമക്കേട്.

ഇക്കാര്യം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണയ്ക്ക് കത്ത് നല്‍കി. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് പുതിയ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്.  ഇക്കാര്യത്തിലും നടപടി വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നല്‍കിയ കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവര്‍ത്തിച്ച് വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റിയാണ്  നേരത്തെ പരാതി നല്‍കിയിരുന്നത്. ഇതില്‍ കഴമ്പുണ്ടെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.  140 മണ്ഡലങ്ങളിലും അന്വേഷണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഇടുകയും ചെയ്തു.