ന്യൂഡല്‍ഹി: പാര്‍ലമെന്റിന് മുന്നില്‍ വീണ്ടും സുരക്ഷാ വീഴ്ച. പാര്‍ലമെന്റ് മന്ദിരത്തിന്റെ മതില്‍ ചാടിക്കടന്ന് അതിക്രമിച്ചു കയറിയ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. വെള്ളിയാഴ്ച രാവിലെ 6:30-നാണ് സംഭവം. ഗോവണി ഉപയോഗിച്ച് റെയില്‍ ഭവന്‍ ഭാഗത്തുനിന്ന് മതില്‍ ചാടിക്കടന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ഗരുഡ് ദ്വാരിലേക്കാണ് ഇയാള്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനായി മാറ്റി.
നിലവില്‍ പാര്‍ലമെന്റ് സുരക്ഷാ വിഭാഗമാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. ഇവരുടെ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ഡല്‍ഹി പോലീസിന് കൈമാറും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം നടന്നത്. അതിനാല്‍, സംഭവം നടക്കുമ്പോള്‍ ഒരു പാര്‍ലമെന്റ് അംഗവും സ്ഥലത്തുണ്ടായിരുന്നില്ല.
2023 ഡിസംബറിലും പാര്‍ലമെന്റിന്റെ സുരക്ഷയില്‍ വലിയ വീഴ്ചയുണ്ടായി. 2001-ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 13-ന് രണ്ട് പേര്‍ പൊതു ഗാലറിയില്‍ നിന്ന് ലോക്‌സഭാ ചേംബറിലേക്ക് ചാടി വീണിരുന്നു.