വയനാട്: വയനാട് ചുരത്തില്‍ വീണ്ടും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും നിലച്ചു. ചുരം വ്യൂ പോയിന്റിന് സമീപം കഴിഞ്ഞദിവസം മണ്ണിടിഞ്ഞ അതേ ഭാഗത്താണ് വ്യാഴാഴ്ചയും കല്ലുകളും മരങ്ങളും റോഡിലേക്ക് പതിച്ചത്. ഇതോടെ ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി താമരശ്ശേരി ഡിവൈഎസ്പി സുഷീര്‍ അറിയിച്ചു.
മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുതല്‍ ചുരത്തിലെ ഗതാഗതം നിലച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ റോഡിലെ മരവും മണ്ണും കല്ലുകളും നീക്കം ചെയ്താണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. എന്നാല്‍ പിന്നാലെ വീണ്ടും ഇതേ ഭാഗത്ത് തന്നെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
ഇതോടെ ചുരത്തില്‍ വീണ്ടും ഗതാഗതം നിരോധനം ഏര്‍പ്പെടുത്തി. അടിവാരത്തും ലക്കിടിയിലും വാഹനങ്ങള്‍ തടയുന്നുണ്ട്. കോഴിക്കോട് ഭാഗത്തുനിന്ന് വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്ന് പോലീസ് കുറ്റ്യാടി വഴി തിരിച്ചുവിടുകയാണ്. മലപ്പുറം ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോകുന്നവര്‍ നാടുകാണി ചുരം വഴി തിരിഞ്ഞുപോകണമെന്നും പോലീസ് നിര്‍ദ്ദേശം നല്‍കി.
വ്യാഴാഴ്ചയും ഗതാഗതനിരോധനം തുടരുമെന്ന് നേരത്തേ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ നടക്കുന്ന പരിശോധനകള്‍ക്കുശേഷമേ നിരോധനത്തില്‍ അയവുവരുത്തൂ എന്നായിരുന്നു കളക്ടര്‍ അറിയിച്ചിരുന്നത്. എന്നാല്‍, വ്യാഴാഴ്ചയും മണ്ണിടിച്ചിലുണ്ടായതോടെ ചുരം ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ചുരത്തില്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍ നേരത്തേ ഉണ്ടായിരുന്നു.