കോട്ടയം: വെള്ളൂർ കെപിപിഎൽ കമ്പനിയിൽ വീണ്ടും തീപിടിത്തം. ഇന്നു രാവിലെ നാലു മണിയോടെയാണ് പേപ്പർ റോൾ കയറിപ്പോകുന്ന കൺവേയർ ബെൽറ്റ് കത്തിപ്പോയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കടുത്തുരുത്തി, പിറവം ഫയർ സ്റ്റേഷനിൽ നിന്ന് ഫയർ യൂണിറ്റുകള്‍ എത്തി രണ്ടര മണിക്കൂർ നീണ്ട കഠിന പ്രയത്നം കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് കെപിപിഎൽ കമ്പനിയിൽ ഉണ്ടായ തീ പിടിത്തത്തിൽ കോടികളുടെ നഷ്ടം സംഭവിച്ചിരുന്നു. മാസങ്ങളോളം അടഞ്ഞുകിടന്ന കമ്പനി തുറന്നു പ്രവർത്തിച്ചിട്ട് ഏകദേശം ഒരു മാസം ആകുന്നതേയുള്ളൂ. അതിനിടയിലാണ് വീണ്ടും തീപിടിത്തം ഉണ്ടാകുന്നത്. അടിക്കടി ഉണ്ടാവുന്ന തീപിടിത്തം സംബന്ധിച്ച് വിദഗ്ധ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.