കായംകുളം സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി; രണ്ട് പേർ രാജിവെച്ചു, സംഭവം വിഭാഗീയതയില്‍ മനംനൊന്ത്

Jaihind Webdesk
Thursday, April 11, 2024

കായംകുളം സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. ഒരു ഏരിയ കമ്മിറ്റി അംഗവും, മുന്‍ ഏരിയ കമ്മിറ്റി അംഗവും പാര്‍ട്ടി വിട്ടു. വിഭാഗീയതയില്‍ മനംനൊന്താണ് രാജിയെന്ന് ഇരുവരും രാജിക്കത്തില്‍ പറയുന്നു.

ഏരിയ കമ്മിറ്റി അംഗം കെ.എല്‍ പ്രസന്നകുമാരിയും മുന്‍ ഏരിയ കമ്മിറ്റി അംഗം ബി.ജയചന്ദ്രനുമാണ് രാജി വച്ചത്. രാജിക്കത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയിട്ടുള്ളത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എച്ച് ബാബുജാന്‍ അടക്കമുള്ളവര്‍ വിഭാഗീയത വളര്‍ത്തുന്നുവെന്നും, പാര്‍ട്ടിയിലെ വിഭാഗീയതയില്‍ മനംനൊന്താണ് രാജിയെന്നും ഇരുവരും രാജികത്തില്‍ പറയുന്നത്.

ദളിത് പിന്നോക്ക വിഭാഗങ്ങളിലുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. കൂടുതല്‍ ആളുകള്‍ ഉടന്‍ പാര്‍ട്ടി വിടുമെന്നും കത്തില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 25 വര്‍ഷമായി ഏരിയ കമ്മിറ്റി അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിപിന്‍ സി ബാബുവിന്‍റെ അമ്മയാണ് കെ.എല്‍ പ്രസന്നകുമാരി. അതേസമയം കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ കായംകുളത്ത് കടുത്ത വിഭാഗീയതയും ഉണ്ടായിരുന്നു. വിഭാഗീയതയില്‍ മനംനൊന്താണ് രാജി എന്ന് ഇരുവരും രാജി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.