പാലക്കാട്: വാണിയംകുളത്ത് ഡിവൈഎഫ്‌ഐ മുന്‍ നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പോലീസില്‍ കീഴടങ്ങി. ഡിവൈഎഫ്‌ഐ വാണിയംകുളം ടൗണ്‍ യൂണിറ്റ് ഭാരവാഹി അജയ കൃഷ്ണനാണ് കേസില്‍ കീഴടങ്ങിയ ആറാമത്തെ പ്രതി. ഒന്നാം പ്രതിയായ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസിന്റെ നിര്‍ദ്ദേശപ്രകാരമാണ് അജയ് കൃഷ്ണന്‍ ആക്രമണത്തിന് സഹായം ചെയ്തതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെയും കീഴടങ്ങിയവരുടെയും എണ്ണം ആറായി.
നേരത്തെ, കേസിലെ മുഖ്യപ്രതിയായ ഡിവൈഎഫ്‌ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി രാകേഷ് ഷൊര്‍ണൂര്‍ പോലീസില്‍ കീഴടങ്ങിയിരുന്നു. രാകേഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഡിവൈഎഫ്‌ഐ നേതാക്കളായ ഹാരിസും സുര്‍ജിത്തും കിരണും വിനേഷിനെ ആക്രമിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വിനേഷിനെ ആക്രമിച്ച ഡിവൈഎഫ്‌ഐ ഷോര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി രാകേഷ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസ്, കൂനത്തൂര്‍ മേഖല ഭാരവാഹികളായ സുര്‍ജിത്ത്, കിരണ്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍, വിനേഷിനെ ആക്രമിച്ചതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം ഒറ്റപ്പാലം ഏരിയ സെക്രട്ടറി പ്രതികരിച്ചത്.
ഫേസ്ബുക്കില്‍ ഡിവൈഎഫ്‌ഐയുടെ ഒരു പരിപാടിയെ വിമര്‍ശിച്ച് കമന്റ് ഇട്ടതിനാണ് പനയൂര്‍ സ്വദേശിയും ഡിവൈഎഫ്‌ഐ മുന്‍ മേഖല കമ്മിറ്റിയംഗവുമായ വിനേഷിന് മര്‍ദ്ദനമേറ്റത്. ഡിവൈഎഫ്‌ഐ നടത്തുന്ന പഞ്ചഗുസ്തി മത്സരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി സി. രാകേഷ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിന് താഴെ, ‘ഇത്തരം പരിപാടികള്‍ കൊണ്ട് ജനങ്ങള്‍ക്ക് എന്തുപകാരം?’ എന്ന് ചോദിച്ച് വിനേഷ് കമന്റ് ചെയ്തു. ഇതില്‍ പ്രകോപിതരായാണ് ബ്ലോക്ക് സെക്രട്ടറി രാകേഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം വിനേഷിനെ ആക്രമിച്ചത്.
വാണിയംകുളം ചന്തയ്ക്ക് സമീപത്തും പിന്നീട് പനയൂരില്‍ വെച്ചും സംഘം വിനേഷിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കും ശരീരത്താകെയും പരുക്കേറ്റ വിനേഷിനെ ആരോ ഓട്ടോറിക്ഷയില്‍ വീട്ടുമുറ്റത്ത് എത്തിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തനിക്ക് മര്‍ദ്ദനമേറ്റതെന്ന് വിനേഷ് ബന്ധുക്കളെ അറിയിച്ചു.