സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം മൂലമുള്ള മരണം റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം പട്ടാഴി മരുതമണ്‍ഭാഗം സ്വദേശിനിയായ 48 വയസ്സുള്ള കശുവണ്ടി തൊഴിലാളിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സെപ്റ്റംബര്‍ 23-ന് നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ മാസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ അമീബിക് മസ്തിഷ്‌ക ജ്വര മരണമാണിത്. സംസ്ഥാനത്ത് ഇത്രയും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഉറവിടം കണ്ടെത്താനോ, മരണ സംഖ്യ കുറയ്ക്കാനോ ആരോഗ്യവകുപ്പിന് സാധിക്കുന്നില്ല. ആരോഗ്യകേരളം നമ്പര്‍ വണ്‍ എന്ന് നൂറുവട്ടം ആവര്‍ത്തിക്കുന്ന ആരോഗ്യമന്ത്രിയും സര്‍ക്കാരും ഇത്തരത്തില്‍ പകര്‍ച്ച വ്യാധികള്‍ തടയുന്ന കാര്യത്തില്‍ തികച്ചും പരാജിതരായി മാറുകയാണ്.
എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?
തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. ജലത്തില്‍ കാണപ്പെടുന്ന ‘നെഗ്ലേറിയ ഫൗളേറി’ (ചമലഴഹലൃശമ ളീംഹലൃശ) എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങള്‍, പുഴകള്‍, കെട്ടിക്കിടക്കുന്ന വെള്ളം എന്നിവിടങ്ങളില്‍ കുളിക്കുമ്പോള്‍ ഈ അമീബ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുകയും ചെയ്യുന്നു. ഇത് ‘മെനിഞ്ചോ എന്‍സെഫലൈറ്റിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.
മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് എത്താം. ഈ രോഗത്തിന് 97 ശതമാനത്തിലധികം മരണനിരക്കുണ്ട്. എങ്കിലും, രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല എന്നതും ശ്രദ്ധേയമാണ്.
പ്രധാന ലക്ഷണങ്ങള്‍:
പനി, തീവ്രമായ തലവേദന, ഛര്‍ദ്ദി, ഓക്കാനം, കഴുത്തു വേദന, വെളിച്ചത്തിലേയ്ക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന രോഗലക്ഷണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഒട്ടും വൈകാതെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.