സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം പടരുന്നു. മരണസംഖ്യ വര്‍ധിക്കുന്നത് സംസ്ഥാനത്ത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് (45) മരിച്ചു. ഇതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ എണ്ണം നാലായി.
നിലവില്‍, 11 പേരാണ് വിവിധ ആശുപത്രികളിലായി രോഗം ബാധിച്ച് ചികിത്സയിലുള്ളത്. നേരത്തെ കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം കണ്ണമംഗലം സ്വദേശിനി റംല, കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ ഒമ്പത് വയസ്സുകാരി അനയ എന്നിവരും രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു.
പൊതുവെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്യുന്നവരിലാണ് ഈ രോഗം അപൂര്‍വമായി കണ്ടുവരാറുള്ളത്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ വിഭാഗങ്ങളില്‍പ്പെട്ട അമീബകളാണ് തലച്ചോറിനെ ബാധിക്കുന്നത്. ഈ രോഗത്തിന് 97 ശതമാനത്തിലധികം മരണനിരക്കുണ്ട്.
രോഗം പടരുന്നത് തടയാന്‍ സര്‍ക്കാര്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് പറുന്നത്. എന്നിട്ടും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ് തുറന്നു കാട്ടുന്നത്. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത പല കേസുകളുടെയും ഉറവിടം പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നത് ആരോഗ്യ വകുപ്പിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.