ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി, രുദ്രപ്രയാഗ് ജില്ലകളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ മേഘവിസ്ഫോടനത്തില്‍ വ്യാപക നാശനഷ്ടം. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നുപേരെ കാണാതാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വീടുകളും കാലിത്തൊഴുത്തുകളും പൂര്‍ണ്ണമായും മണ്ണിനടിയിലായി. ചമോലി ജില്ലയിലെ ദേവല്‍ പ്രദേശത്താണ് മേഘവിസ്‌ഫോടനം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്.
കാണാതായ മൂന്നുപേരില്‍ ഒരു ദമ്പതികളും ഉള്‍പ്പെടുന്നു. ഏകദേശം ഇരുപതോളം കന്നുകാലികള്‍ ചെളിയിലും പാറക്കെട്ടുകള്‍ക്കിടയിലും കുടുങ്ങിയിട്ടുണ്ട്. മണ്ണിനടിയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കാണാതായവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രുദ്രപ്രയാഗ് ജില്ലയിലെ ബസുകേദാറിലും മേഘവിസ്‌ഫോടനം കനത്ത നാശനഷ്ടമുണ്ടാക്കി. ജൗല-ബഡേത്ത് ഗ്രാമത്തിലും മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ ചമോലി ജില്ലയില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മേഘവിസ്‌ഫോടനത്തില്‍ ചില കുടുംബങ്ങള്‍ കുടുങ്ങിയതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനുണ്ടായ ഖീര്‍ ഗംഗാ നദിയിലെ മിന്നല്‍ പ്രളയം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. ധരാലി ഗ്രാമം പൂര്‍ണ്ണമായും ഒലിച്ചുപോവുകയും ഒമ്പത് സൈനികരടക്കം 69 പേരെ കാണാതാവുകയും ചെയ്തിരുന്നു.