ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം. ഉത്തരാഖണ്ഡിലെ ചമോലിയില്‍ വെള്ളിയാഴ്ച രാത്രിയാണ് മേഘവിസ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തരാളി മാര്‍ക്കറ്റ്, കോട്ട്ദീപ്, തരാളി തഹസില്‍ കോംപ്ലക്‌സ് എന്നിവിടങ്ങളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ വീടുകളും കെട്ടിടങ്ങളും അവശിഷ്ടങ്ങള്‍ക്കടിയിലായി.
തരാലിയിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ വീട് ഉള്‍പ്പെടെ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജില്ലാ കളക്ടറും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഡെറാഡൂണ്‍, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാള്‍, അല്‍മോറ തുടങ്ങിയ ജില്ലകളില്‍ ഇടിമിന്നലിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനിടെയാണ് ചമോലിയില്‍ ദുരന്തമുണ്ടായത്.
പൊലീസ് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ബുധനാഴ്ച ഉത്തരകാശിയിലെ ദബ്രാനി പ്രദേശത്തെ ഗംഗോത്രി ഹൈവേയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചിരുന്നു. അതേസമയം, ഹര്‍സിലില്‍ രൂപംകൊണ്ട തടാകം വറ്റിക്കാനുള്ള ശ്രമങ്ങള്‍ എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും തുടരുകയാണ്.