ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; സംഭവം തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിയില്‍

Jaihind Webdesk
Thursday, April 4, 2024

 

തിരുവനന്തപുരം: ടിടിഇയ്ക്കുനേരെ ട്രെയിനിൽ വീണ്ടും ആക്രമണം. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദിയിലാണ് ടിടിഇ ആക്രമിക്കപ്പെട്ടത്. ട്രെയിനുകളിൽ ഭിക്ഷാടനം നടത്തുന്നയാളാണ് ആക്രമിച്ചത്. തിരുവനന്തപുരം സ്റ്റേഷനിൽ നിന്ന് ട്രെയിൻ എടുത്തതിന് പിന്നാലെയാണ് സംഭവം. അക്രമി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു.

ടിക്കറ്റില്ലാതെ ട്രെയിനിന്‍റെ വാതിൽക്കൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്ന ഭിക്ഷാടകനോടു ടിടിഇ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ഇയാള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രകോപിതനായ ഭിക്ഷാടകന്‍ ടിടിഇ ആയ ജെയ്സനെ ആക്രമിക്കുകയായിരുന്നു. അക്രമാസക്തനായി തുപ്പുകയും ജെയ്സന്‍റെ മുഖത്ത് മാന്തുകയും ചെയ്തു. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും കണ്ണിന് താഴെ നഖം കൊണ്ട് മുറിവേറ്റു. പിന്നാലെ അക്രമി ട്രെയിനിൽ നിന്നു ചാടിരക്ഷപെട്ടു. ടിടിഇ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.

കഴിഞ്ഞ ദിവസമാണ് തൃശൂരില്‍ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്. ഒഡിഷ സ്വദേശി രജനീകാന്താണ് ടിടിഇയെ കൊലപ്പെടുത്തിയ കേസിലെ പ്രതി. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിന്‍റെ പകയാണ് പ്രതി ടിടിഇയെ കൊലപ്പെടുത്താന്‍ കാരണമെന്ന് പോലീസ് വ്യക്തമാക്കി. ടിടിഇമാർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ തുടർക്കഥയാകുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.