ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ അസമില്‍ വീണ്ടും ആക്രമണം; യാത്രയുടെ ജനസ്വീകാര്യതയില്‍ വിറളി പൂണ്ട് ബിജെപി | VIDEO

Jaihind Webdesk
Sunday, January 21, 2024

 

അസം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ അസമിൽ വീണ്ടും ആക്രമണം. വാഹനങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശിന്‍റെ വാഹനത്തിന് ചില്ല് തകർത്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ആക്രമണമെന്ന് ജയ്റാം രമേശ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസവും ന്യായ് യാത്രക്കെതിരെ ആക്രമണമുണ്ടായിരുന്നു. വാഹനങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. ന്യായ് യാത്രയ്ക്ക് തടയിടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തുടരെയുണ്ടാകുന്ന ആക്രണങ്ങള്‍.  എട്ടു ദിവസം അസമിലൂടെയുള്ള സന്ദർശനത്തിന് വിലക്കേർപ്പെടുത്തിയത് മുതൽ അസം സർക്കാരും കോൺഗ്രസും തമ്മിലുള്ള വാക്പോര് നിലനിൽക്കവെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ യാത്രയെ ബിജെപി ഭയക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

 

 

അസമിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോൺഗ്രസ് ജനറൽ സെക്രട്ടറിയെ ‘ബിജെപിയുടെ ഗുണ്ടകൾ’ ആക്രമിച്ചെന്ന് കോൺഗ്രസും എക്സിൽ കുറിച്ചു.

‘‘ജയ്റാം രമേശിന്‍റെ കാർ തടഞ്ഞ് കാറിലെ സ്റ്റിക്കർ വലിച്ചുകീറി. ക്യാമറാമാനെയും സ്ത്രീകളുൾപ്പെടെയുള്ള കോൺഗ്രസ് സോഷ്യൽ മീഡിയ ടീമംഗങ്ങളെയും ബിജെപി ഗുണ്ടകൾ ആക്രമിച്ചു. ഇവരുടെ കയ്യില്‍ ബിജെപി പതാകയുണ്ടായിരുന്നു. ഈ സംഭവം അസം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നേരിട്ടു ചെയ്തതാണെന്ന് വ്യക്തമാണ്. ഭാരത് ജോഡോ ന്യായ് യാത്രയുടെ വിജയം ബിജെപിക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചത്. അവർ പരിഭ്രാന്തരാണ്. പക്ഷേ ഞങ്ങൾ ഭയപ്പെടുന്നില്ല. യാത്രയെ തടയാൻ ഒരു ശക്തിക്കും കഴിയില്ല’’– കോൺഗ്രസ് എക്സില്‍ കുറിച്ചു.