എംഎം മണിയുടെ സ്റ്റാഫായിരിക്കെ ബോർഡിന്‍റെ വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു: എം.ജി സുരേഷ് കുമാറിന് 6,72,560 രൂപ പിഴ

Jaihind Webdesk
Thursday, April 21, 2022

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ യൂണിയൻ പ്രസിഡന്‍റ് എം.ജി സുരേഷ് കുമാറിന് പിഴ. വൈദ്യുതി മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ആയിരിക്കെ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചത്തിനെതിരെയാണ് നടപടി. 48640 കി.മീ. സ്വകാര്യ ആവശ്യത്തിനുപയോഗിച്ചത്തിന് 6,72,560 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് നോട്ടീസ്. 10 ദിവസത്തിനകം തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ 12 ഗഡുക്കളായി ശമ്പളത്തിൽ നിന്ന് പിടിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. വൈദുതി ഭവൻ വളയൽ സമരം നടന്ന ദിവസമാണ് നോട്ടീസിറങ്ങിയത്. എന്നാൽ, നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സുരേഷ് കുമാർ പറയുന്നു. ആക്ഷേപം അസംബന്ധമാണെന്നും സുരേഷ് കുമാർ വിശദീകരിക്കുന്നു.

അതേസമയം, കെഎസ്ഇബിയിലെ അച്ചടക്ക നടപടിയില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്നലെ അറിയിച്ചു. നിയമപരമായും പ്രതികാര നടപടിയില്ലാതെയും അച്ചടക്ക നടപടി പൂര്‍ത്തിയാക്കും. നടപടിക്രമങ്ങളും കീഴ്വഴ്ക്കങ്ങളും അനുസരിച്ച് തീരുമാനമെടുക്കും. കെഎസ്ഇബി തീരുമാനമെടുത്ത് അറിയിക്കും. ജനങ്ങളിലുള്ള അവമതിപ്പ് ഒഴിവാക്കാന്‍ കൂട്ടായി ശ്രമിക്കണം. കെഎസ്ഇബി തര്‍ക്കത്തില്‍ ചര്‍ച്ച ഫലപ്രദമെന്നും കെ കൃഷ്ണന്‍കുട്ടി പറ‍ഞ്ഞു. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് കെഎസ്ഇബിയിലെ ഓഫീസര്‍മാരുടെ എല്ലാ സംഘടനകളുമായും വൈദ്യുതി മന്ത്രി ചര്‍ച്ച നടത്തിയത്.