ഓസ്‌കറില്‍ തിളങ്ങി ‘അനോറ’; ഇന്ത്യയ്ക്ക് നിരാശയായി ‘അനുജ’

Jaihind News Bureau
Monday, March 3, 2025

97ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങുകള്‍ സമാപിച്ചു. ഡി ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ്് നടന്നത്.  ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി ചടങ്ങില്‍ തിളങ്ങി. ഒരു ലൈംഗിക തൊഴിലാളിയുടെ കഥയാണ് ചിത്രം പറയുന്നത്. അഞ്ച് അവാര്‍ഡുകളാണ് അനോറ സ്വന്തമാക്കിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച ഒറിജിനല്‍ തിരക്കഥ, മികച്ച നടി, മികച്ച എഡിറ്റര്‍ എന്നിങ്ങനെയുള്ള പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. സംവിധായകന്‍,തിരക്കഥ, എഡിറ്റര്‍ എന്നീ മൂന്ന് നിലകളിലും ഷോണ്‍ ബേക്കര്‍ തന്നെയാണ് പുരസ്‌കാരം നേടിയത്. മികച്ച സഹനടനുള്ള അവാര്‍ഡാണ് ആദ്യം പ്രഖ്യാപിച്ചത്. റോബര്‍ട്ട് ബ്രൗണി ജൂനിയറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ദ റിയല്‍ പെയിന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കീറന്‍ കുല്‍ക്കിന്‍ ആണ് പുരസ്‌കാരം നേടിയത്.

14 നോമിനേഷനുമായി ഓസ്‌കാര്‍ ലിസ്റ്റില്‍ മുന്നില്‍ നിന്ന എമിലിയ പെരെസിന് സോയി സാല്‍ഡാന വഴി സഹനടി പുരസ്‌കാരവും മികച്ച ഗാനത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. മികച്ച നടിയായി അനോറയിലെ മൈക്കി മാഡിസണ്‍ ആണ് പുരസ്‌കാരം നേടിയത്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം വിക്കെഡ് നേടി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരനായി പോള്‍ ടേസ്വെല്‍ ചരിത്രം കുറിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരവും വിക്കെഡ് സ്വന്തമാക്കി. മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം കോണ്‍ക്ലേവിന് ലഭിച്ചു. അതേസമയം മികച്ച വിഷ്വല്‍ എഫക്ട്, സൗണ്ട് ഡിസൈന്‍ പുരസ്‌കാരങ്ങള്‍ ഡ്യൂണ്‍ പാര്‍ട്ട് 2വിനും ദ ബ്രൂട്ട്ലിസ്റ്റ് ചിത്രത്തിനായി അഡ്രിയാന്‍ ബോഡി മികച്ച നടനുള്ള പുരസ്‌കാരവും സ്വന്തമാക്കി. മികച്ച ഛായഗ്രഹണത്തിനും മികച്ച സംഗീതത്തിനുമുള്ള അവാര്‍ഡും ദ ബ്രൂട്ട്ലിസ്റ്റ് സ്വന്തമാക്കി. മികച്ച ഛായഗ്രഹണത്തിനുള്ള അവാര്‍ഡ് ലോല്‍ ക്രൗളിയാണ് പങ്കിട്ടത്. ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലെ സംഗീതത്തിന് ഡാനിയല്‍ ബ്ലൂംബെര്‍ഗിനാണ് പുരസ്‌കാരം ലഭിച്ചത്. ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രം മികച്ച ആനിമേറ്റഡ് ചിത്രമായും മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം ഐ ആം നോട്ട് റോബോട്ടും സ്വന്തമാക്കി.

അതേസമയം, ഇന്ത്യക്ക് നിരാശയാണ് ഇത്തവണ ഓസ്‌കര്‍ സമ്മാനിച്ചത്. ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഹിന്ദി ഷോര്‍ട്ട് ഫിലിം അനുജ മാത്രമായിരുന്നു ഇന്ത്യയില്‍ നിന്ന്് നാമനിര്‍ദേശം ഉണ്ടായിരുന്നത്. ആദ്യ ഘട്ടത്തില്‍ നിന്ന് തന്നെ മലയാള ചിത്രം ആടുജീവിതം, ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്, തമിഴ് ചിത്രം കങ്കുവാ എന്നീ ചിത്രങ്ങള്‍ തള്ളിയിരുന്നു.

പുരസ്‌കാരങ്ങള്‍:

മികച്ച സഹനടന്‍ – കീറന്‍ കുല്‍ക്കിന്‍, ദ റിയല്‍ പെയിന്‍
മികച്ച ആനിമേറ്റഡ് ഫിലിം – ഫ്‌ലോ
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം – ദ ഷാഡോ ഓഫ് സൈപ്രസ്
മികച്ച വസ്ത്രാലങ്കാരം – വിക്കെഡ്
ഒറിജിനല്‍ തിരക്കഥ – അനോറ, ഷോണ്‍ ബേക്കര്‍
മികച്ച അവലംബിത തിരക്കഥ – കോണ്‍ക്ലേവ്
മികച്ച മേയ്ക്കപ്പ് – ദ സബ്സ്റ്റന്‍സ്
മികച്ച എഡിറ്റര്‍ -അനോറ, ഷോണ്‍ ബേക്കര്‍
മികച്ച സഹനടി – സോയി സാല്‍ഡാന, എമിലിയ പെരെസ്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ – വിക്കെഡ്
മികച്ച ഗാനം – ‘എല്‍ മാല്‍’ – എമിലിയ പെരെസ്
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം -ദ ഓണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍കസ്ട്ര
മികച്ച ഡോക്യുമെന്ററി – നോ അതര്‍ ലാന്റ്
സൗണ്ട് ഡിസൈന്‍- ഡ്യൂണ്‍ പാര്‍ട്ട് 2
മികച്ച വിഷ്വല്‍ ഇഫക്ട്‌സ്- ഡ്യൂണ്‍ പാര്‍ട്ട് 2
മികച്ച ഷോര്‍ട്ട് ഫിലിം- ഐ ആം നോട്ട റോബോട്ട്
മികച്ച ഛായഗ്രഹണം -ലോല്‍ ക്രൗളി , ദ ബ്രൂട്ട്‌ലിസ്റ്റ്
മികച്ച വിദേശ ചിത്രം – ഐ ആം സ്റ്റില്‍ ഹീയര്‍
മികച്ച സംഗീതം – ദ ബ്രൂട്ട്‌ലിസ്റ്റ് , ഡാനിയല്‍ ബ്ലൂംബെര്‍ഗ്
മികച്ച നടന്‍- അഡ്രിയന്‍ ബ്രോഡി, ദി ബ്രൂട്ടലിസ്റ്റ്
മികച്ച സംവിധായകന്‍- ഷോണ്‍ ബേക്കര്‍, അനോറ
മികച്ച നടി – മൈക്കി മാഡിസണ്‍, അനോറ
മികച്ച ചിത്രം – അനോറ