‘ആ ഭാഷയില്‍ എനിക്ക് പറയാനാവില്ല, ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനവും ശ്രദ്ധിക്കണം’: മണിക്കും സിപിഎം നേതൃത്വത്തിനും വിമർശനവുമായി ആനി രാജ

Jaihind Webdesk
Saturday, July 16, 2022

ന്യൂഡല്‍ഹി: കെ.കെ രമ വിഷയത്തില്‍ പ്രതികരിച്ചതിന് അധിക്ഷേപിച്ച എം.എം മണിക്ക് മറുപടിയുമായി സിപിഐ നേതാവ് ആനി രാജ. മണിയുടെ ഭാഷയില്‍ തനിക്ക് പറയാനാവില്ല. ശ്രദ്ധിക്കേണ്ടത് പറയുന്നവരും പ്രസ്ഥാനവുമാണെന്നും ആനി രാജ പ്രതികരിച്ചു. സിപിഎം സംസ്ഥാന നേതൃത്വവും ഇക്കാര്യത്തില്‍ ശ്രദ്ധ പുലർത്തണം എന്ന വിമർശനവും ആനി രാജ ഉന്നയിച്ചു. മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും ആനി രാജ ആവർത്തിച്ചു.

“ഇടത് സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡല്‍ഹിയില്‍ പ്രയോഗിക്കുന്നത്. പരാമർശം നടത്തുന്നവരും പ്രസ്ഥാനവുമാണ് ശ്രദ്ധിക്കേണ്ടത്. മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താന്‍ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല. എം.എം മണിയുടേത് അവഹേളനം അത് അവരെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കണം” – ആനി രാജ പറഞ്ഞു.

തൊടുപുഴയിലായിരുന്നു ആനി രാജക്കെതിരെ എംഎം മണിയുടെ അധിക്ഷേപ പരാമർശം. രമക്കെതിരായ അധിക്ഷേപത്തെ സിപിഐ നേതാവ് വിമർശിച്ചിട്ടുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മണിയുടെ പ്രതികരണം ഇങ്ങനെ.

“സിപിഐയുടെ ഏത് നേതാവ്? ആനി രാജയോ? അവരങ്ങ് ഡല്‍ഹിയിലല്ലേ ഒണ്ടാക്കുന്നത്. കേരളത്തിലെ കാര്യം അവര്‍ക്കെങ്ങനെ അറിയാന്‍ പറ്റും. അതൊന്നും കാര്യമാക്കുന്നില്ല. അവരങ്ങനെ പറഞ്ഞാലും അതൊന്നും ഞങ്ങള്‍ക്ക് വിഷയമല്ല” – മാധ്യമങ്ങളോട് എം.എം മണി പറഞ്ഞു.

വാദങ്ങളിൽ ജയിക്കാൻ ഒരു സ്ത്രീയുടെ ദുരന്തത്തെ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്നായിരുന്നു ആനി രാജ നേരത്തെ പറഞ്ഞത്. കമ്യൂണിസ്റ്റ്കാരൻ എന്ന നിലയിൽ യോജിക്കാത്തതാണ് ആ പരാമര്‍ശമെന്നും ആനി രാജ പറഞ്ഞിരുന്നു. കാലം മാറിയിരിക്കുന്നു. ഭാഷയിലും കാലാനുസൃതമായ മാറ്റം ഉണ്ടാകേണ്ടതാണ് എന്ന് നേതാക്കൾ തിരിച്ചറിയണം. ഇത്തരം പ്രയോഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയ്ക്കും അതിന്‍റെ മുന്നേറ്റത്തിനും കരിനിഴൽ വീഴ്ത്തുന്നതാണെന്നും ആനി രാജ പറഞ്ഞു. ഈ പരാമർശത്തിനാണ് എംഎം മണി ആനി രാജയെയും അധിക്ഷേപിച്ച് രംഗത്തെത്തിയത്. ആനി രാജ മണിക്കെതിരെ ശക്തമായി രംഗത്തെത്തിയതോടെ വിഷയത്തില്‍ സിപിഎമ്മും സിപിഐയും കൊമ്പുകോര്‍ക്കുന്നിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.