പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാർ അന്തരിച്ചു

പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാർ അന്തരിച്ചു. ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃശൂർ പൂരത്തിന്‍റെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് നേതൃത്വം കൊടുക്കുന്ന മേള പ്രമാണിയായിരുന്നു.

പഞ്ചവാദ്യ പരിഷ്‌കർത്താവ് എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന പരമേശ്വര മാരാര്‍ നാലര പതിറ്റാണ്ടോളം തിരുവമ്പാടിയുടെ വാദ്യത്തിൽ പങ്കാളിയാവുകയും ഒരു പതിറ്റാണ്ടിലേറെ തൃശൂര്‍ പൂരത്തിന്‍റെ മഠത്തിൽ വരവിന്‍റെ മേളപ്രമാണിയാവുകയും ചെയ്തിട്ടുണ്ട്. വിദേശത്തും നിരവധി തവണ പഞ്ചവാദ്യം അവതരിപ്പിച്ചു.

കലാമണ്ഡലത്തില്‍ പഠിച്ച അന്നമനട പരമേശ്വരന്‍ പിന്നീട് അവിടുത്തെ അധ്യാപകനായും പ്രവര്‍ത്തിച്ചു. അധ്യാപകനായിരിക്കെ നടത്തിയ വാദ്യപരിഷ്‌കാരങ്ങളാണ് പഞ്ചവാദ്യ പരിഷ്കര്‍ത്താവ് എന്ന നിലയില്‍ അറിയപ്പെടാന്‍ കാരണമായത്. തിമില പഠനത്തിനുള്ള പാഠ്യപദ്ധതിയിലും അദ്ദേഹം പരിഷ്‌കാരം വരുത്തി.

ഗുരുവായൂരില്‍ ഉത്സവ കാലത്ത് പഞ്ചവാദ്യത്തിന് സ്ഥിര പ്രമാണക്കാരന്‍ ആയിരുന്ന പരമേശ്വര മാരാര്‍ അസുഖ ബാധിതനായി അരങ്ങത്തുനിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. നാല് വര്‍ഷം മുന്‍പാണ് അദ്ദേഹം അവസാനമായി ഗുരുവായൂരില്‍ പഞ്ചവാദ്യത്തില്‍ പങ്കെടുത്തത്.

1952ല്‍ തൃശൂര്‍ അന്നമനട പടിഞ്ഞാറേ മാരേത്ത് കുടുംബത്തിൽ ജനിച്ച പരമേശ്വര മാരാർ കലാമണ്ഡലത്തിലാണ് തിമില പരിശീലിച്ചത്. തുടർന്ന് തൃശൂർ പൂരം അടക്കമുള്ള പ്രസിദ്ധമായ ഉത്സവമേളങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായി. 2007ല്‍ കേരള സംഗീതനാടക അക്കാദമിയുടെ പുരസ്‌ക്കാരവും 2010ല്‍ ഫെല്ലോഷിപ്പും നേടി. തിരുവമ്പാടി ദേവസ്വത്തിന്‍റെ ഗോള്‍ഡ് മെഡല്‍, വെള്ളാറ്റഞ്ഞൂര്‍ ശങ്കരന്‍ നമ്പീശന്‍ സ്വര്‍ണപതക്കം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

Annamanada parameswara marar
Comments (0)
Add Comment