അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം: നിതിന്‍ രാജിന്റെ സംസ്‌കാരം ഇന്ന്; മൃതദേഹം ജന്മനാട്ടിലെത്തിച്ചു

Jaihind News Bureau
Sunday, April 12, 2026

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവന്നു. തിരുവനന്തപുരം ഉഴമലയ്ക്കലിലെ വാടകവീട്ടിലേക്കാണ് മൃതദേഹം എത്തിച്ചത്. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടി പഠനത്തിനെത്തിയ നിതിനെ കഴിഞ്ഞദിവസമാണ് കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിതിന്റെ മരണത്തില്‍ കോളേജിലെ അധ്യാപകര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവിയും ചില അധ്യാപകരും ചേര്‍ന്ന് നിതിനെ ജാതിയും നിറവും സാമ്പത്തിക സ്ഥിതിയും പറഞ്ഞ് നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്ന് അച്ഛന്‍ രാജന്‍ പരാതിപ്പെട്ടു. നിതിന്റെ മരണത്തിന് പിന്നില്‍ ഈ മാനസിക പീഡനമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

കുടുംബം ഉന്നയിച്ച പരാതികള്‍ക്ക് പിന്നാലെ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചു. കുറ്റാരോപിതനായ വകുപ്പ് മേധാവിയടക്കം രണ്ട് അധ്യാപകരെ നിലവില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും വിശദമായ അന്വേഷണം നടന്നുവരികയാണ്.