നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിക്ക് വിവാഹ സഹായവുമായി ‘ആങ്ങളമാര്‍’

Jaihind Webdesk
Monday, July 8, 2019

നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിക്ക് വിവാഹ സഹായവുമായി വീണ്ടും ചെമ്മണ്ണൂര്‍ ജ്വല്ലറിയിലെ ജീവനക്കാരുടെ കൂട്ടായ്മ. പാലക്കാട് വടക്കഞ്ചേരി സ്വദേശി അഞ്ജനയുടെ വിവാഹമാണ് ചെമ്മണ്ണൂര്‍ ജ്വല്ലറി ജീവനക്കാരുടെ കൂട്ടായ്മയായ ആങ്ങളമാര്‍ കൂട്ടായ്മ നടത്തിയത്. ക്ഷണക്കത്ത് മുതല്‍ കതിര്‍മണ്ഡപം വരെയുള്ളതെല്ലാ ഒരുക്കങ്ങളും നടത്തിയത് ‘ആങ്ങളമാര്‍’ കൂട്ടായ്മായാണ്.

പാലക്കാട് വടക്കഞ്ചേരി വാല്‍ക്കുളമ്പ് കോടിയാട്ടില്‍ ഓഡിറ്റോറിയത്തില്‍ വെച്ച് അഞ്ജനയുടെ കഴുത്തില്‍ വരന്‍ സതീഷ് താലി ചാര്‍ത്തി.

ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അനിലിന്‍റെ നേതൃത്വത്തിലുള്ള 13 അംഗ മാനേജര്‍മാരുടെ കൂട്ടായ്മയായ ആങ്ങള കൂട്ടായ്മയാണ് വിവാഹം നടത്തിയത്. വാല്‍കുളമ്പിലുള്ള കൈത്തി ഫാര്‍മേവ്‌സ് ക്ലബ്ബിന്‍റെ സഹകരണത്തോടെ നടത്തിയ വിവാഹത്തില്‍ പെണ്‍കുട്ടിക്കുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ മുതല്‍ വിവാഹ സദ്യ വരെയുള്ള മുഴുവന്‍ ചെലവും വഹിച്ചത് ആങ്ങളമാര്‍ കൂട്ടായ്മയാണ്.

മൂന്ന് മാസത്തിലൊരിക്കല്‍ ആങ്ങളമാര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിവാഹം നടത്തികൊടുക്കാറുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ജിഎം അനില്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് കോഴിക്കോട് കേന്ദ്രീകരിച്ച് രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആദ്യ വിവാഹം നടത്തിയത്. എഴുത്തുകാരനും ചലച്ചിത്ര അഭിനേതാവുമായ വി.കെ ശ്രീരാമന്‍ അടക്കം രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ വിവാഹത്തില്‍ പങ്കെടുത്ത് വധു വരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.