ലോക കേരള സഭയുടെ ഇരു സമ്മേളനങ്ങളിലും ഇറ്റലിയിൽ നിന്ന് പങ്കെടുത്ത ഏക വ്യക്തി അനിതാ പുല്ലയിലെന്ന് പിണറായി വിജയൻ

Friday, November 5, 2021

രണ്ട് ലോക കേരള സഭാ സമ്മേളനങ്ങളിലും ഇറ്റലിയിൽ നിന്ന് പങ്കെടുത്ത ഏക വ്യക്തി പ്രവാസി മലയാളിയായ അനിതാ പുല്ലയിലാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . പുരാവസ്തു തട്ടിപ്പുകേസിൽ മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്നാഥ് ബഹ്റ അടക്കമുള്ള ഉന്നതർക്ക് പരിചയപ്പെടുത്തിയത് അനിത പുല്ലയിലാണെന്ന വെളിപ്പെടുത്തൽ നേരത്തെ പുറത്തു വന്നിരുന്നു. അനിതാ പുല്ലയിൽ പൊലീസ് ആസ്ഥാനത്ത് രണ്ട് തവണ എത്തിയതായും മുൻ ഡിജിപി ലോക്നാഥ് ബഹ്റ യുമായി കൂടിക്കാഴ്ച നടത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനത്തിൽ എൽദോസ് പി കുന്നപ്പിള്ളി എംഎൽഎ ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ലോക കേരള സഭകളാണ് ഇതു വരെ നടന്നതെന്നും രണ്ടിലും പങ്കെടുത്ത ഇറ്റലിയിൽ നിന്നുള്ള ഏക വ്യക്തിയാണ് അനിത പുല്ലയിൽ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സ്ഥിരീകരിച്ചു.റോമിലെ പ്രവാസി മലയാളി ഫെഡറേഷൻ സെക്രട്ടറിയായും ഈ സംഘടനയുടെ ഗ്ലോബൽ വനിത പ്രതിനിധി ആയും പ്രവർത്തിച്ചു വരുന്നു എന്ന് രേഖപ്പെടുത്തി അനിതാ പുലയിൽ നാമനിർദ്ദേശം സമർപ്പിച്ചിരുന്നുവെന്നും തുടർന്ന് ചുമതലപ്പെട്ട കമ്മിറ്റി അത് പരിശോധിച്ച ശേഷമാണ് അനിതാ പുഴയിലെ അംഗമായി തിരഞ്ഞെടുത്തു എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലും മുൻ ഡിജിപി ലോക്നാഥ് ബഹ്റയുമായുള്ള ബന്ധം ഏറെ വിവാദമായിരുന്നു. ഇത്തരം ഉന്നത ബന്ധങ്ങൾക്ക് മോൻസനെ സഹായിച്ചിരുന്നത് അനിതാ പുല്ലയിലാണെന്നതടക്കമുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുമായി കൂടിക്കാഴ്ച നടത്താൻ അനിതാ പുല്ലയിൽ രണ്ട് തവണ പൊലീസ് ആസ്ഥാനത്ത് എത്തിയതായും കൂടിക്കാഴ്ച നടത്തിയതായും മുഖ്യമന്ത്രി നിയമസഭയിൽ സ്ഥിരീകരിച്ചു.