ഉത്രയുടെ ഭർത്താവിനെ സംരക്ഷിച്ചത് സിപിഎം : അനിൽ തോമസ്

Jaihind News Bureau
Monday, May 25, 2020

പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച ഉത്രയുടെ കൊലപാതകത്തിലെ പ്രതിയെ സംരക്ഷിക്കാൻ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സിപിഎം നേതാക്കൾ ഒന്നിച്ചിറങ്ങിയെന്ന് ഡിസിസി വൈസ് പ്രസിഡന്‍റ് അനിൽ തോമസ്. ഇടതു സർക്കാരിന്‍റെ ജനവഞ്ചനക്കെതിരെ വാർഡ് കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച പ്രതിഷേധ സമരം പത്തനംതിട്ട റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിനുമുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അനിൽ തോമസ്.

മെയ് ഏഴിന് അഞ്ചലിലെ വീട്ടിൽ ഉത്രയുടെ മരണത്തിനുശേഷം സ്ത്രീധനമായി ലഭിച്ച 98 പവനും അഞ്ചു ലക്ഷം രൂപയും കാറും നൽകാതിരിക്കുവാനും കൂടുതൽ തുക തട്ടിയെടുക്കാനുമായി ഒന്നര വയസുകാരനായ മകനെ പിടിച്ചെടുക്കാൻ സിപിഎം പറക്കോട് ലോക്കൽ കമ്മിറ്റിയിലെ കാരക്കൽ ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ചിരണിക്കൽ യൂണിറ്റ് സെക്രട്ടറിയുമായ പ്രതി അടൂർ പോലീസ് സ്റ്റേഷനിൽ സിപിഎം പറക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.വേണുവിനൊപ്പം എത്തിയിരുന്നതായി അനിൽ തോമസ് പറഞ്ഞു.

വായ്പ തിരിച്ചടയ്ക്കാത്തവരുടെ വാഹനം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടി പിടിച്ചെടുക്കുന്ന സൂരജ് അടൂരിലെയും ജില്ലയിലെയും പല സിപിഎം നേതാക്കളുടെയും പ്രിയങ്കരനാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ സക്കീർഹുസൈൻ കുട്ടിയെ പിടിച്ചെടുക്കാനുള്ള നടപടിക്രമം പത്തനംതിട്ടയിൽ തുടങ്ങി വച്ചെങ്കിലും അധികാരപരിധിയെ സംബന്ധിച്ച തർക്കത്തെ തുടർന്ന് തിരുവനന്തപുരത്തുനിന്ന് ഉന്നതർ ഇടപെട്ട് ആണ് സിപിഎം കൊല്ലം കോർപ്പറേഷൻ കൗൺസിലറും കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി ചെയർമാനുമായ കെ.പി സജിനാഥിനെ കേസ് ഏൽപ്പിച്ചതെന്ന് അനിൽ തോമസ് ആരോപിച്ചു.

മെയ് 20 ന് കൊടുത്ത പരാതിയുടെ പറഞ്ഞ് മെയ് 22 ലെ കൊല്ലം ശിശുക്ഷേമ സമിതിയുടെ വാക്കാൽ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ഉത്രയുടെ മാതാപിതാക്കളിൽ നിന്നും പിടിച്ചെടുക്കുന്ന ദൗത്യം സിപിഎം ഭരണസഹായത്താൽ പ്രതി സൂരജ് പൂർത്തിയാക്കിയത്.

ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സിപിഎം നേതാക്കളെ കുത്തിനിറച്ച ശിശുക്ഷേമ സമിതികളും വനിതാ കമ്മീഷനും ഇപ്പോൾ ശ്രമിക്കുന്നതെന്നും അനിൽ തോമസ് പറഞ്ഞു.

വാർഡ് കോൺഗ്രസ് പ്രസിഡൻറ് ഷിജു തോമസിന്റെ അധ്യക്ഷതയിൽ റോയ് ബി. ജോർജ്ജ്, അനിൽ തമ്പി, പ്രിൻസ് വാഴയിൽ എന്നിവർ കൊവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് ഉള്ള സമരത്തിൽ പങ്കെടുത്തു.