അനിൽ ആന്‍റണിയുടെ തീരുമാനം അപക്വം, അബദ്ധം: രമേശ് ചെന്നിത്തല

Thursday, April 6, 2023

തിരുവനന്തപുരം: ബിജെപിയിൽ ചേരാനുള്ള അനിൽ ആന്‍റണിയുടെ തീരുമാനം അപക്വമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപിയെ അറിയാവുന്ന ഒരാളും ബിജെപിയിൽ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ മതേതരത്വത്തെ തകർക്കുകയും ഭരണഘടനയെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന ബിജെപിക്ക് എതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ട സമയമാണിത്. അനിൽ ബിജെപിയിൽ ചേരുന്നത് കൊണ്ട് കേരളത്തിൽ ആ പാർട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാൻ കഴിയില്ല. കേരളത്തിൽ ബിജെപിക്ക് വേരോട്ടം ഉണ്ടാക്കാൻ കഴിയുമെന്നാണ് മോദി കരുതുന്നത്. ത്രിപുര കഴിഞ്ഞാൽ ഇനി കേരളമെന്ന് പറയുന്ന അദ്ദേഹം ഏത് ലോകത്താണ് ജീവിക്കുന്നത്. കേരളത്തെക്കുറിച്ച് അറിയാത്തത് കൊണ്ടാണ് മോദി ഇക്കാര്യം ഉച്ചത്തിൽ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അനിലിന്‍റെ തീരുമാനം അബദ്ധമായിരുന്നുവെന്ന് കാലം തെളിയിക്കും. ഇതുകൊണ്ടൊന്നും കോൺ​ഗ്രസിനെ ദുർബലപ്പെടുത്താൻ കഴിയില്ല. വർധിച്ച ആവേശത്തോടെ കോൺ​ഗ്രസ് മുന്നോട്ടുപോകും. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്നത് രാഹുൽ​ഗാന്ധിയാണ്. അനിൽ ആന്റണി വീണിരിക്കുന്നത് രാഹുലിനെ ദുർബലപ്പെടുത്താനുള്ള ബിജെപിയുടെ കെണിയിലാണ്. അത് അദ്ദേഹത്തിന് പിന്നീട് ബോധ്യപ്പെടും. വ്യക്തിയെന്ന നിലയിൽ അനിൽ എടുത്ത തീരുമാനം ഒരിക്കലും ആന്റണിയെ ബാധിക്കില്ല. പതിറ്റാണ്ടുകളായി എ.കെ ആന്റണിയെ കേരളത്തിലെ ജനങ്ങൾക്ക് അറിയാം. ആദർശ ധീരതയോടെ കേരളത്തിലെ കോൺ​ഗ്രസിന് നേതൃത്വം കൊടുത്തയാളാണ് എ.കെ ആന്റണി. അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് ഇതിലൂടെ ഒരു മങ്ങലും ഏൽപ്പിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും ജനാധിപത്യവാദികളായ ഇന്ത്യയിലെ ജനങ്ങൾക്ക് ഇതെല്ലാം ബോധ്യപ്പെടുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.