കടംകൊണ്ട് പൊറുതിമുട്ടിയ അനില്‍ അംബാനി കമ്പനി ആസ്ഥാനം വില്‍ക്കുന്നു; വിറ്റാലും കടംതീരില്ലെന്ന് കണക്കുകള്‍

Jaihind Webdesk
Monday, July 1, 2019

ലോകത്തൊട്ടാകെയുള്ള ബാങ്കുകളിലും സാമ്പത്തിക സ്ഥാപനങ്ങളിലുമായി 75000 കോടിരൂപയുടെ കടമുള്ള ബിസിനസ്സ് ഗ്രൂപ്പാണ് അനില്‍ അംബാനിയുടെ റിലയന്‍സ്. കടംവീട്ടാതെ കേസുകള്‍ നടത്തിയും ചര്‍ച്ചകള്‍ നടത്തിയും ഇനിയും മുന്നോട്ടുപോകാനാകാത്ത അവസ്ഥയിലാണ് അനില്‍ അംബാനി. ഇതില്‍ നിന്ന് തല്‍ക്കാലിക രക്ഷ തേടുകയാണ് ഇപ്പോള്‍. കമ്പനി ആസ്ഥാനം വിറ്റ് കടം വീട്ടുന്നതിനെ കുറിച്ചാണ് അനില്‍ അംബാനി ഇപ്പോള്‍ ചിന്തിക്കുന്നത്. വിറ്റുപോയില്ലെങ്കില്‍ സാന്റക്രൂസിലുള്ള റിലയന്‍സ് സെന്റര്‍ ദീര്‍ഘകാലത്തേക്ക് ലീസിന് നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ഒരു കൂട്ടം ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളുമായി ഇദ്ദേഹം ചര്‍ച്ച നടത്തി.

ഏഴ് ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ഉള്ളതാണ് ഈ കെട്ടിടത്തില്‍ ചാരി രക്ഷപ്പെടാനുള്ള ചര്‍ച്ചകളിലാണ് അനിലിന്റെ കമ്പനി ഇപ്പോള്‍. ആയിരത്തി അഞ്ഞൂറ് കോടി മുതല്‍ രണ്ടായിരം കോടി രൂപ വരെ ലഭിച്ചേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും കടം വീട്ടാന്‍ അംബാനിക്ക് സാധിക്കില്ല. ഗ്രൂപ്പിന്റെ മൊത്തം ബാധ്യത ഏതാണ്ട് എഴുപത്തി അയ്യായിരത്തോളം കോടി രൂപയാണ്. 2018 മാര്‍ച്ചില്‍ റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ മൊത്തം കടം 1.7 ലക്ഷം കോടി രൂപയായിരുന്നു. പ്രധാന ആസ്തികളുടെയും ബിസിനസുകളുടെയും വില്‍പ്പനയ്ക്ക് ശേഷമാണ് ഇത് ഗണ്യമായി കുറഞ്ഞ് 75000 കോടിയിലെത്തിയത്.

സാന്റാക്രൂസിലെ ആസ്ഥാനം വിട്ടതിന് ശേഷം ബല്ലാഡ് എസ്റ്റേറ്റിലേക്ക് തിരിച്ചുപോവുകയായിരിക്കും അനില്‍ അംബാനിയുടെ ലക്ഷ്യം. 2005 ല്‍ റിലയന്‍സ് ഗ്രൂപ്പ് വിഭജിച്ചപ്പോള്‍ ആണ് ബല്ലാഡ് എസ്റ്റേറ്റിലെ ആസ്ഥാനം അനില്‍ അംബാനിക്ക് ലഭിക്കുന്നത്. എങ്ങോട്ട് മടങ്ങിയാലും കടങ്ങള്‍ വീട്ടാതെ ഒരു രക്ഷയും ഉണ്ടാവില്ല.
സാന്റാക്രൂസിലെ ആസ്ഥാനം വില്‍ക്കാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. അദാനിയുമായുള്ള ഇടപാടില്‍ ഈ സ്ഥലം സംബന്ധിച്ച് മഹാരാഷ്ട്ര അപ്പെലേറ്റ് ട്രൈബ്യൂണല്‍ ഫോര്‍ ഇലക്ട്രിസിറ്റിയില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. 2008 ല്‍ 42 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോകത്തെ ആറാമത്തെ സമ്പന്നനായ അനില്‍ അംബാനി കഴിഞ്ഞ മാസം ശതകോടീശ്വരന്‍ ക്ലബില്‍ നിന്ന് പുറത്തായിരുന്നു.