അനില്‍ അംബാനി ഗ്രൂപ്പ‌് കമ്പനികളുടെ വിശ്വാസ്യത തകര്‍ച്ചയിലേക്ക‌്

Sunday, October 14, 2018

ആസ‌്തിയേക്കാള്‍ കൂടുതല്‍ കടബാധ്യതയുള്ള അനില്‍ അംബാനി ഗ്രൂപ്പ‌് കമ്പനികളുടെ വിശ്വാസ്യത തകര്‍ച്ചയിലേക്ക‌്. നിലവില്‍ മൊത്തം ഓഹരിമൂല്യം 50,000 കോടി രൂപയില്‍ താഴെയായ അനിൽ അമ്പാനി ഗ്രൂപ്പിന് 10 വര്‍ഷം മുമ്പ് നാല‌് ലക്ഷം കോടിയില്‍പ്പരം രൂപയുടെ ഓഹരിമൂല്യം ഉണ്ടായിരുന്നു.

റിലയന്‍സ‌് സ്ഥാപകന്‍ ധീരുഭായ‌് അംബാനി 2002ല്‍ മരിച്ചശേഷം മക്കളായ മുകേഷ‌് അംബാനിയും അനില്‍ അംബാനിയും തമ്മിലുള്ള സ്വത്തുതര്‍ക്കം രൂക്ഷമായതോടെ ഇരുഗ്രൂപ്പുകളായി പിരിഞ്ഞു. മുകേഷ‌് അംബാനി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി വ‌ളര്‍ന്നുവെങ്കിലും അനിലിന്‍റെ ഗതി താഴോട്ടായിരുന്നു. 2013-14 സാമ്പത്തിക വര്‍ഷത്തോടെ കടം പെരുകി.

ബാധ്യത തീര്‍ക്കാന്‍ ആസ‌്തികള്‍ വിറ്റു. റിലയന്‍സ‌് ഗ്രൂപ്പിന്‍റെ സിമന്‍റ‌് കമ്പനി 2016ല്‍ വാണിജ്യമേഖലയിലെ എതിരാളികളുടെ നിയന്ത്രണത്തിലായി. റിലയന്‍സ‌് പവറിന്‍റെ ഓഹരിമൂല്യം 2017ല്‍ വിപണിപ്രവേശനസമയത്തെ മൂല്യത്തിന്‍റെ മൂന്നിലൊന്നില്‍ താഴെയായി‌. ഖനനം ചെയ്യാന്‍ അനുമതിയുള്ള കല്‍ക്കരിയുടെ അളവ‌് കൂട്ടണമെന്നാവശ്യപ്പെട്ട‌് റിലയന്‍സ‌് പവര്‍ കോടതികളില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കടബാധ്യത വ്യക്തമാക്കിയിട്ടുണ്ട‌്.

550 കോടി രൂപയുടെ കുടിശ്ശിക തീര്‍ക്കാതെ അനിലും രണ്ട‌് മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജ്യം വിട്ടുപോകുന്നത‌് തടയണമെന്നാവശ്യപ്പെട്ട‌് സ്വീഡിഷ‌് ടെലികോം കമ്പനി എറിക‌്സണ്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട‌്. റിലയന്‍സ‌് കമ്യൂണിക്കേഷന്‍സ‌് 45,000 കോടി രൂപ കടത്തിലായപ്പോള്‍ മുകേഷിന്‍റെ റിലയന്‍സ‌് ജിയോ 25,000 കോടി രൂപ നിക്ഷേപിച്ച‌് ഏറ്റെടുക്കാമെന്ന‌് സമ്മതിച്ചിരുന്നു. എന്നാല്‍, നിയമപ്രശ‌്നങ്ങളെ തുടര്‍ന്ന‌് ഏറ്റെടുക്കല്‍ നീണ്ടു. റിലയന്‍സ‌് കമ്യൂണിക്കേഷന്‍സിന്‍റെ ബാധ്യത 45,000 കോടി രൂപയായതോടെ രാജ്യാന്തര ഏജന്‍സികള്‍ കഴിഞ്ഞവര്‍ഷം കമ്പനി ഓഹരികളുടെ റേറ്റിങ‌് താഴ‌്ത്തി.

https://www.youtube.com/watch?v=wRDTiztw2iM