കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് തിരുവനന്തപുരം ശാസ്തമംഗലത്തെ 41-ാം വാര്‍ഡിലാണ് വോട്ടുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള പുതുക്കിയ വോട്ടര്‍ പട്ടികയിലാണ് സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട് ശാസ്തമംഗലത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് സുരേഷ് ഗോപി തിരുവനന്തപുരത്തെ സ്ഥിരതാമസക്കാരനാണെന്നതിന് തെളിവാണെന്നും അനില്‍ അക്കര പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി തൃശൂരിലാണ് സ്ഥിരതാമസമെന്ന് തെറ്റായ സത്യവാങ്മൂലം നല്‍കി സുരേഷ് ഗോപി വോട്ട് ചേര്‍ത്തതായും അനില്‍ അക്കര ആരോപിച്ചു. ഇതിലൂടെ വഞ്ചനയാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, സുരേഷ് ഗോപിയുടെ വോട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേലുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് പുതിയ വോട്ടര്‍ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. ഈ പട്ടികയിലും സുരേഷ് ഗോപിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സഹോദരങ്ങള്‍ക്കും തിരുവനന്തപുരത്താണ് വോട്ടുള്ളതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
വര്‍ഷങ്ങളായി സുരേഷ് ഗോപി തിരുവനന്തപുരത്താണ് താമസിക്കുന്നത്. എന്നിട്ടും ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് രേഖപ്പെടുത്തിയത് ചട്ടവിരുദ്ധമാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. ഈ വിഷയത്തില്‍ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായും സൂചനയുണ്ട്.