സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും; ലൈഫ് മിഷന്‍ കേസ് തെളിയണമെങ്കില്‍ ഈജിപ്ഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്യണം: അനില്‍ അക്കര

Jaihind Webdesk
Sunday, February 6, 2022

 

തൃശൂർ: ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മുൻ എംഎൽഎ അനിൽ അക്കര. ലൈഫ് മിഷനിൽ ലഭിച്ച കമ്മീഷൻ വിദേശത്തേക്ക് കടത്തിയ ഈജിപ്ഷ്യൻ പൗരൻ ഖാലിദിനെ അറസ്റ്റ് ചെയ്താൽ മാത്രമേ ഈ കേസ് തെളിയൂ എന്നും അനിൽ അക്കര തൃശൂരിൽ പറഞ്ഞു.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിൽ സ്വപ്നയുടെ വെളിപ്പെടുത്തലോടെ തട്ടിപ്പ് നടന്നു എന്ന് വ്യക്തമായി. അടിയന്തരമായി ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. കേസ് പെട്ടെന്ന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകുമെന്നും അനിൽ അക്കര വ്യക്തമാക്കി.

ലൈഫ് മിഷനിലെ കമ്മീഷൻ അന്നത്തെ മന്ത്രിമാർ ഈജിപ്ഷ്യൻ പൗരനായ ഖാലിദ് വഴിയാണ് വിദേശത്തേക്ക് കടത്തിയത്. ഖാലിദിനെ അറസ്റ്റ് ചെയ്യാതെ ഈ കേസ് തെളിയില്ല. കേന്ദ്ര ഏജൻസികൾ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.