വടക്കാഞ്ചേരി ലൈഫ് മിഷൻ അപ്പാർട്ട്മെന്‍റ് അഴിമതിയില്‍ വിശദമായ അന്വേഷണം വേണം : വിദേശകാര്യ മന്ത്രാലയത്തിന് അനില്‍ അക്കര എം.എല്‍.എയുടെ കത്ത്

Jaihind News Bureau
Tuesday, August 11, 2020

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വടക്കാഞ്ചേരിയില്‍ നിർമിക്കുന്ന അപ്പാർട്ട്മെന്‍റുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ വിശദമായ അന്വേഷണം വേണമെന്ന് അനില്‍ അക്കര എം.എല്‍.എ. ഇക്കാര്യം ആവശ്യപ്പെട്ട് പദ്ധതിയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധന് അനില്‍ അക്കര എം.എല്‍.എ കത്ത് നല്‍കി.

കേരള സർക്കാറിന്‍റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി മുനിസിപ്പൽ പരിധിയിലാണ് അപ്പാർട്ട്മെന്‍റ് നിർമ്മിക്കുന്നത്. ഒരു തരത്തിലുള്ള പാരിസ്ഥിതിക സുരക്ഷയും കുടിവെള്ള സൗകര്യവുമില്ലാതെയാണ് 140 ഓളം കുടുംബങ്ങളെ പാർപ്പിക്കുന്നതിനായി ഒരുക്കുന്ന കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നത്.  സ്ഥലം എം‌.എൽ‌.എ പോലും അറിയാതെയാണ് ഇതിനാവശ്യമായ ഭൂമി സർക്കാർ വളരെ രഹസ്യമായി ഏറ്റെടുത്തത്.

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ നിര്‍മ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിനുള്ള തുക എമിറേറ്റ്സ് റെഡ് ക്രസന്‍റ് എന്ന ഏജന്‍സിയിലൂടെ യു.എ.ഇ കോണ്‍സുലേറ്റ് വഴിയാണ് കണ്ടെത്തിയിരിക്കുന്നത്. യു.എ.ഇ ചാരിറ്റി സ്ഥാപനമായ റെഡ് ക്രസന്‍റിന് ഇന്ത്യയിൽ നേരിട്ട് പദ്ധതികൾ ഏറ്റെടുക്കാൻ കഴിയില്ല, അങ്ങനെ വേണമെങ്കിൽ അത് റെഡ് ക്രോസിനെ ഏൽപ്പിക്കണം.  കേന്ദ്ര സര്‍ക്കാർ അറിയാതെ എങ്ങനെ യു.എ.ഇ റെഡ് ക്രസന്‍റ് കേരളത്തിൽ പണം ചിലവ് ചെയ്തു? സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്നാ സുരേഷിന്‍റെ ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെടുത്ത കോടിക്കണക്കിന് രൂപയില്‍ 1 കോടി രൂപ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും ഈ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനാവശ്യമായ തുക തരപ്പെടുത്തുന്നതിനായി ലഭിച്ച കമ്മീഷനാണ് എന്നും ആ തുക ഫ്ളാറ്റ് നിര്‍മ്മാണ കമ്പനിയായ യൂണിറ്റാക്ക് ഗ്രൂപ്പ് വഴിയാണ് തന്നതെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് സ്വപ്ന മൊഴി കൊടുത്തിട്ടുണ്ട്. കേരള ലൈഫ് മിഷൻ പ്രോജക്റ്റ് യു.എ.ഇ കോൺസുലേറ്റ് വഴി എമിറേറ്റ്സ് റെഡ് ക്രസന്‍റ് സ്പോൺസർ ചെയ്യുന്നുവെന്നും പദ്ധതി നടത്തിപ്പ് യൂണിറ്റാക്കിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും പദ്ധതി പ്രദേശത്തെ വൻകിട പരസ്യ ഹോർഡിംഗുകളിലും സൂചിപ്പിച്ചിട്ടുണ്ട്. കേരള ലൈഫ് മിഷന്‍ പ്രോജക്ട് യു.എ.ഇ കോണ്‍സുലേറ്റ് വഴി എമിറേറ്റ്സ് റെഡ് ക്രസന്‍റ് സ്പോണ്‍സര്‍ ചെയ്തതാണെന്നും പദ്ധതി നിര്‍വഹണം യൂണിറ്റാക്കിനാണെന്നും മനസിലാകുന്നതാണ്.

പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പെടെയുള്ള നിരവധി സര്‍ക്കാര്‍ ഏജന്‍സികളും, സഹകരണ മേഖലയുള്‍പ്പെടെയുള്ള നിരവധി പൊതുമേഖലാ ഏജന്‍സികളും നിര്‍മ്മാണ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴാണ് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തെ ലൈഫ് പദ്ധതി ഏൽപ്പിച്ചിട്ടുള്ളത് കോടികണക്കിന് രൂപയുടെ പണം തട്ടിയെടുക്കുവാന്‍ വേണ്ടിയാണ്. മാത്രമല്ല യു.എ.ഇ സര്‍ക്കാര്‍ നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ വഴി നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കേണ്ട ഈ പദ്ധതി ഗൂഢാലോചന നടത്തി വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാന്‍ ശ്രമിച്ചതും ഈ പണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ നിര്‍ദ്ദേശപ്രകാരം എടുത്തിട്ടുള്ള ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള തുകയെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നെന്നും മനസിലാക്കുന്നു. പാവപ്പെട്ടവര്‍ക്ക് വീട് വെച്ചു കൊടുക്കുന്ന പദ്ധതിയിൽ നിന്ന് കമ്മീഷൻ പറ്റുന്ന രീതി അംഗീകരിക്കാന്‍ കഴിയുന്നതല്ല.

നിലവിലുള്ള സാമ്പത്തിക നിയമങ്ങൾ അനുസരിച്ച് ഈ ഇടപാട് വലിയ കുറ്റമാണ്. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ഒരു വിദേശ എന്‍.ജി.ഒ യുമായി രാജ്യം അറിയാതെ കരാറിൽ ഏർപ്പെട്ടു, അവർക്കു സർക്കാർ ഭൂമി നൽകി അതുവഴി തന്‍റെ സെക്രട്ടറിയും ഇടനിലക്കാരിയും ചേർന്ന് ഒരു കോടി രൂപ കമ്മീഷൻ വാങ്ങുന്നതും രാജ്യദ്രോഹകുറ്റമാണ്. സംസ്ഥാന ലൈഫ് മിഷന്‍ അധികാരികളും, യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും, എമിറേറ്റ്സ് റെഡ് ക്രസന്‍റ് ഭാരവാഹികളും, യൂണിറ്റാക്ക് ഗ്രൂപ്പും, ഇടനിലക്കാരിയായ സ്വപ്ന സുരേഷും, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ലൈഫ് മിഷൻ സി.ഇ.ഒയുമായിരുന്ന എം ശിവശങ്കറുംവടക്കാഞ്ചേരി മുന്‍സിപ്പല്‍ ഭരണ നേതൃത്വവും ഉള്‍പ്പെട്ട ഗൂഢാലോചനയുടെ ഭാഗമായുള്ള കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇതെന്നും അനില്‍ അക്കര എം.എല്‍.എ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനത്തിന് നാല് ദിവസം മുമ്പ് ഗൾഫിലെത്തി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ ഐ.എസും സ്വപ്‌നാ സുരേഷും ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. ശിവശങ്കറിന്‍റെ നിർദേശപ്രകാരം തുറന്ന ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന തുകയെക്കുറിച്ചും അദ്ദേഹത്തിന് അറിവുണ്ട് എന്നത് റിപ്പോർട്ടുകളില്‍ നിന്ന് വ്യക്തമാണ്.  കേരള മുഖ്യമന്ത്രിയുടെ പൂർണ്ണമായ അറിവോടെയും മനപൂർവമായ സമ്മതത്തോടും കൂടിയായിരുന്നോ ഇതെല്ലാം എന്നത് അറിയേണ്ടതുണ്ട്. കേരള ലൈഫ് മിഷന്‍റെ ഏജൻസിയായി യൂണിറ്റക് ഗ്രൂപ്പ് എങ്ങനെ എത്തിയെന്നതും അന്വേഷണത്തിന്‍റെ പരിധിയിൽ വരേണ്ടതുണ്ട്.

സാമ്പത്തിക തട്ടിപ്പ്, അന്താരാഷ്ട്ര നയതന്ത്ര നടപടിക്രമങ്ങൾ നഗ്നമായി ലംഘിക്കപ്പെട്ടത് എങ്ങനെ, പൂർണ്ണമായും സംസ്ഥാന സർക്കാരിന് കീഴിലുള്ള ലൈഫ് മിഷന്‍ എങ്ങനെ തട്ടിപ്പുകാര്‍ക്ക് അരങ്ങൊരുക്കി തുടങ്ങി ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന തരത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അനില്‍ അക്കര എം.എല്‍.എ വിദേശകാര്യമന്ത്രാലയത്തിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.