അങ്കോല (കര്‍ണാടക): അർജുന് വേണ്ടിയുള്ള രക്ഷാദൗത്യത്തിന് വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ. തുടർന്ന്, ലോറി കണ്ടെത്താനുള്ള തിരച്ചിൽ താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കൂടാതെ, നദിയിലെ അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ഇതോടെ, തിരച്ചിലിനിറങ്ങിയ നേവിസംഘം തിരിച്ചുകയറി.
നദിയിലെ കുത്തൊഴുക്ക് രക്ഷാപ്രവർത്തകരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാകുന്നുണ്ട്. രാത്രിയും തിരച്ചിൽ തുടരുമെന്ന് നേരത്തെ അധികൃതർ പറഞ്ഞിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമാകുന്ന സാഹചര്യത്തിൽ ഏത് രീതിയിൽ തിരച്ചിലുമായി മുന്നോട്ട് പോകാനാകുമെന്നതിൽ അവർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
കാലാവസ്ഥ ദുഷ്കരമായി തന്നെ തുടരുകയാണെങ്കിൽ വ്യാഴാഴ്ച രാവിലെ തന്നെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് കാർവാർ എംഎൽഎ. സതീഷ് കൃഷ്ണ അറിയിച്ചു. ട്രക്കിന്‍റെ സാന്നിധ്യം അവിടെയുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. തിരച്ചിൽ നാളെ ലക്ഷ്യം കാണും. കൂടുതൽ സേനാ വിഭാഗങ്ങളേയും യന്ത്രങ്ങളേയും സ്ഥലത്തെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.