പി.എസ്.സി നിയമന ന്യായീകരണത്തില്‍ എം.ബി രാജേഷിനെതിരെ രോഷം പുകയുന്നു : കുതിച്ചുയർന്ന് ഡിസ്‌ലൈക്കുകള്‍ ; പ്രതിഷേധ കമന്‍റുകളുടെ പ്രവാഹം

Jaihind News Bureau
Tuesday, August 4, 2020

 

പി.എസ്.സി നിയമന വിവാദത്തിൽ ന്യായീകരണവുമായി എത്തിയ എം.ബി രാജേഷിനെതിരെ പ്രതിഷേധം ശക്തം. ‘സത്യം പറയുന്ന രേഖകളും കണക്കുകളും’ എന്ന പേരില്‍ സി.പി.എം കേരളയുടെ യൂട്യൂബ് പേജില്‍ കണക്കുകൾ നിരത്തി എത്തിയ എം.ബി രാജേഷിനെ വരവേറ്റത് പി.എസ്.സി ഉദ്യോഗാർത്ഥികളുടെ രോഷമാണ്. വീഡിയോയ്ക്ക് താഴെ വരുന്ന പ്രതിഷേധ കമന്‍റുകളുടെ എണ്ണം ഓരോ മണിക്കൂറിലും കുത്തനെ വർധിക്കുകയാണ്.

ലൈക്കിനേക്കാള്‍ ഡിസ്‌ലൈക്ക് ലഭിച്ച വീഡിയോയ്ക്ക് ചുവടെയുള്ള കമന്‍റ് ബോക്സ് നിറയുന്നത് ഉദ്യോഗാര്‍ത്ഥികളുടെ അണപൊട്ടിയൊഴുകുന്ന പ്രതിഷേധമാണ്. ഡിസ്‌ലൈക്കുകളുടെ എണ്ണം ഇതിനോടകം 80,000 ലേക്ക് അടുക്കുകയാണ്. പാർട്ടി അനുഭാവികള്‍ പോലും എം.ബി രാജേഷിന്‍റെ വിചിത്ര ന്യായവാദത്തിനെതിരെ ശക്തമായി രംഗത്തെത്തി. യോഗ്യത ഉള്ളവരെ നോക്കുകുത്തികളാക്കി പത്താം ക്ലാസ് പാസാകാത്തവർക്ക് ലക്ഷങ്ങള്‍ ശമ്പളം നല്‍കി നിയമിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ചിലർ രോഷം പ്രകടിപ്പിക്കുന്നു.

 

 

പി.എസ്.സി നിയമനം കാര്യക്ഷമമായി നടക്കാത്തതിന് എതിരെ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം ശക്തമാണ്. അഡ്വൈസ് മെമോ അയച്ചിട്ടും നിയമനങ്ങൾ നടക്കാത്ത സാഹചര്യത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി എം.ബി രാജേഷ് രംഗത്തെത്തിയത്. എന്നാൽ, ‘പിൻവാതിൽ നിയമനത്തെ ഊളക്കണക്ക് കൊണ്ട് ന്യായീകരിക്കാൻ നാണമുണ്ടോ ?’ എന്ന മട്ടിലുള്ള ചോദ്യങ്ങളുമായി ആയിരങ്ങളാണ് പ്രതിഷേധവുമായി എത്തുന്നത്.