കോട്ടയം :എരുമേലിയിൽ ബഫർ സോൺ വിഷയത്തിൽ വൻപ്രതിഷേധം. ജനവാസ മേഖല ബഫർ സോണിൽ ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. എരുമേലി എയ്ഞ്ചൽ വാലിയിലാണ് നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പ് ഓഫീസിന്‍റെ ബോർഡ് നാട്ടുകാർ പിഴുത് മാറ്റി. ഇളക്കിമാറ്റിയ ബോർഡുമായി നാട്ടുകാർ റേഞ്ച് ഓഫീസിനു മുമ്പിൽ പ്രതിഷേധിക്കുകയായിരുന്നു. കഴിഞ്ഞദിവസം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ എരുമേലിയിലെ 11, 12 വാർഡുകളായ എയ്ഞ്ചൽ വാലി, പമ്പാവാലി തുടങ്ങിയ സ്ഥലങ്ങൾ ബഫർ സോണിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നാട്ടുകാർ വ്യാപക പ്രതിഷേധവുമായി മുന്നോട്ടുവന്നത്. അതേസമയം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ബഫർ സോൺ വിഷയം ചർച്ച ചെയ്യാനായി പഞ്ചായത്ത് കമ്മിറ്റി കൂടും.
അയ്യായിരത്തിലധികം ജനങ്ങൾ താമസിക്കുന്ന പ്രദേശത്തെ ഭൂപടത്തിൽ വനമേഖലയായി രേഖപ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധമുണ്ടായി. എന്നാല്‍ രേഖപ്പെടുത്തിയതിലെ പിഴവെന്നും പരിഹരിക്കുമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഇതിനെത്തുടര്‍ന്ന് വനംമന്ത്രിക്ക് പ്രശ്ന പരിഹാരത്തിന് പരാതി നൽകി. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിലും ഈ മേഖലകൾ വനംമേഖലയിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നത്.