ആശമാര്‍ക്കൊപ്പം സമരത്തിനിറങ്ങി അങ്കണവാടി ജീവനക്കാരും

Jaihind News Bureau
Tuesday, March 18, 2025

ഭരണ സിരാകേന്ദ്രത്തെ വിറപ്പിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ കഴിഞ്ഞദിവസം നടന്ന വലിയ പ്രതിഷേധങ്ങള്‍ക്ക് ശേഷവും ആശാ വര്‍ക്കര്‍മാരുടെയും അംഗന്‍വാടി ജീവനക്കാരുടെ സമരം തുടരുകയാണ്. മഴയത്തും വെയിലത്തും ചോരാത്ത ആവേശവുമായി ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 37 ാം ദിനത്തിലേക്ക് കടന്നു. സമരം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് വ്യാഴാഴ്ച മുതല്‍ ഇവര്‍ രാപ്പകല്‍ സമരത്തിനൊപ്പം അനിശ്ചിത കാല നിരാഹാര സത്യാഗ്രഹവും ആരംഭിക്കും.

സമരം 37 ആം ദിവസത്തിലേക്ക് കടക്കുമ്പോഴും ആവേശം ഒട്ടും ചോരാതെ സമരം ചെയ്യുകയാണ് ആശാവര്‍ക്കര്‍മാര്‍. ഇന്നലെ നൂറുകണക്കിന് ആശമാര്‍ സെക്രട്ടിയേറ്റ് ഉപരോധിച്ചിരുന്നു. സമരം നേരിടാന്‍ സര്‍ക്കാര്‍ പരിശീലന ക്ലാസ് വെച്ചിരുന്നെങ്കിലും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം തള്ളിയാണ് ആശമാര്‍ സമരത്തില്‍ എത്തിയത്. മൂന്നാം ഘട്ട സമരമായി ആശമാര്‍ ഈ മാസം 20 ന് രാപ്പകല്‍ സമര വേദിയില്‍ നിരാഹാര സമരം തുടങ്ങും. 3 ആശമാര്‍ ആയിരിക്കും ആദ്യഘട്ടം നിരാഹാര സമരം ഇരിക്കുക. സമരം തീര്‍ക്കാന്‍ വീണ്ടും ഇടപെടുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ രണ്ട് വട്ടം മുഖ്യമന്തിയുമായി പ്രതിപക്ഷ നേതാവ് സംസാരിച്ചിരുന്നെങ്കിലും ചര്‍ച്ച നടത്തുന്നതില്‍ തീരുമാനം ഉണ്ടായിട്ടില്ല.

അതേസമയം സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങിരിക്കുകയാണ് അങ്കണവാടി ജീവനക്കാരും. മിനിമം കൂലി 21,000 ആക്കണം, കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം, വിരമിക്കല്‍ ആനുകൂല്യം വേണം എന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് അങ്കണവാടി ജീവനക്കാരുടെ സമരം. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഓണറേറിയം നല്‍കരുതെന്ന വനിത ശിശു വികസന ഡയറക്ടറുടെ ഉത്തരവിനെതിരെയും ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. സമരം ചെയ്യുന്നവര്‍ക്ക് ഓണറേറിയം നല്‍കേണ്ടെന്നു വനിതാ ശിശു വികസന ഡയറക്ടറാണ് ഉത്തരവിറക്കിയത്. അനിശ്ചിതകാല സമരം തുടര്‍ന്നാല്‍ മറ്റ് നടപടികള്‍ എടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.