ഭരണ സിരാകേന്ദ്രത്തെ വിറപ്പിച്ചുകൊണ്ടാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ സ്ത്രീകളുടെ സമരവേലിയേറ്റം തുടര്‍ന്നത്. സെക്രട്ടറിയേറ്റും റോഡും ഉപരോധിച്ചു ആശാ വര്‍ക്കര്‍മാര്‍ നടത്തിയ ഉപരോധ സമരത്തോടൊപ്പം അംഗന്‍വാടി ജീവനക്കാര്‍ കൂടി സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചതോടെ ആയിരക്കണക്കിന് സ്ത്രീകളുടെ പ്രതിഷേധ സംഗമ വേദിയായി തലസ്ഥാനം മാറി.
സേവന വേതന പരിഷ്‌ക്കരണമുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ 36 ദിവസമായി രാപ്പകല്‍ സമരം തുടരുന്ന ആശാവര്‍ക്കര്‍മാര്‍ സമരം ശക്തമാക്കി കൊണ്ട് രണ്ടാംഘട്ട സമരപരിപാടി ആരംഭിച്ചു. സെക്രട്ടറിയേറ്റും റോഡും ഉപരോധിച്ചു ആയിരക്കണക്കിന് ആശമാര്‍ വന്‍ പ്രതിഷേധമാണ് ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ ഉയര്‍ത്തിയത്.
ആശാവര്‍ക്കര്‍മാരുടെ സമരം തുടരുന്നതിനിടയില്‍ സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അംഗന്‍വാടി ജീവനക്കാരും അനിശ്ചിതകാല രാപകല്‍ സമരം സെക്രട്ടറിയേറ്റിനു മുന്നില്‍ ആരംഭിച്ചു. ഇന്ത്യന്‍ നാഷണല്‍ അംഗന്‍വാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം. ഇവര്‍ കൂടി സമരം ആരംഭിച്ചതോടെ സ്ത്രീകളുടെ സമരവേലിയേറ്റ ഭൂമിയായി സെക്രട്ടറിയേറ്റ് മാറി. സ്ത്രീകളുടെ സമര കൊടുങ്കാറ്റില്‍ ഭരണകൂടത്തെ വിറപ്പിക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിയുന്നതെന്ന് ഇരു സമരവേദിയിലും എത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.കേരളത്തിലെ സ്ത്രീശക്തി എന്തെന്ന് അധികാര കേന്ദ്രത്തിലുള്ളവരെ ബോധ്യപ്പെടുത്തുന്ന സമരമാണ് അരങ്ങേറുന്നതെന്നദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കും വരെ ശക്തമായ സമര പോരാട്ടവുമായി ജീവിത സമരം തുടരുമെന്ന് ഉറച്ച നിലപാടിലാണ് ആശാവര്‍ക്കര്‍മാരും അംഗന്‍വാടി ജീവനക്കാരും. സമരങ്ങള്‍ ശക്തമാകുന്നതോടെ നാടിന്റെ നാനാഭാഗത്ത് നിന്ന് എത്തിയ ആയിരക്കണക്കിന് സ്ത്രീകളുടെ പ്രതിഷേധ സംഗമ വേദിയായി തലസ്ഥാനം മാറുകയാണ്.