അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ് പദ്ധതി നടപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച് യുഡിഎഫ് എംപിമാരും എംഎല്‍എമാരും എറണാകുളം കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയാണ് സമരം ഉദ്ഘാടനം ചെയ്തത്. അങ്കമാലി മുതല്‍ കുണ്ടന്നൂര്‍ വരെ 44.7 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ബൈപ്പാസ്, എറണാകുളം ജില്ലയിലെ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സഹായകമാകുമെന്നാണ് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
പദ്ധതിയുടെ അന്തിമ വിജ്ഞാപനം പുറത്തിറങ്ങാന്‍ വൈകുന്നതാണ് പ്രതിഷേധത്തിന് പ്രധാന കാരണം. ഓഗസ്റ്റ് 29-ന് മുന്‍പ് ഇത് പുറത്തിറങ്ങേണ്ടിയിരുന്നെങ്കിലും, സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകാത്തതിനാല്‍ നടന്നില്ല. ഇതോടെ നേരത്തെ പുറത്തിറക്കിയ 3-എ വിജ്ഞാപനം അസാധുവായി. ഇനി പുതിയ 3-എ വിജ്ഞാപനം വീണ്ടും ഇറക്കേണ്ടിവരും. പദ്ധതിക്കായി 750 ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടെങ്കിലും, ഏകദേശം 160 ഏക്കറിന്റെ സര്‍വേ നടപടികള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. ഇത് 3-ഡി വിജ്ഞാപനത്തിന് പര്യാപ്തമല്ല.
പദ്ധതിയുടെ അനിശ്ചിതത്വം കാരണം 18 വില്ലേജുകളിലെ ഭൂവുടമകള്‍ ദുരിതത്തിലാണ്. കല്ലിടല്‍ പൂര്‍ത്തിയായശേഷം വിജ്ഞാപനം റദ്ദായതോടെ, വീടുകള്‍ മാറേണ്ടിവരുന്ന പല ഭൂവുടമകളും പുതിയ സ്ഥലം വാങ്ങാന്‍ നല്‍കിയ അഡ്വാന്‍സ് തുക നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്. സമരത്തില്‍ എംപിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരും എംഎല്‍എമാരായ കെ. ബാബു, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ് എന്നിവരും പങ്കെടുത്തു.
സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് രമേശ് ചെന്നിത്തല സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. 10 വര്‍ഷം ഭരിച്ചിട്ടും ഈ സര്‍ക്കാരിന് അഭിമാനകരമായി ഒരു പദ്ധതിയും ഉയര്‍ത്തിക്കാട്ടാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ ബൈപ്പാസ് പദ്ധതി നടപ്പാക്കിയില്ലെങ്കില്‍, 2026-ല്‍ അധികാരത്തിലെത്തുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ തീരുമാനം ഈ പദ്ധതി പൂര്‍ത്തിയാക്കുകയായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.