‘ആരോപണത്തിന് പിന്നില്‍ അനിമോന്‍റെ ബന്ധുവായ സിപിഎം നേതാവ്’; ആവശ്യമില്ലാതെ സിപിഎം ചെളി വാരി എറിയുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

Jaihind Webdesk
Friday, June 14, 2024

 

കോട്ടയം: ബാർ കോഴ ആരോപണത്തിൽ സാമ്പത്തിക ഇടപാട് അന്വേഷിക്കാതെ സംസ്ഥാന സർക്കാർ ആവശ്യമില്ലാത്ത തലത്തിലേക്ക് അന്വേഷണം മാറ്റുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎല്‍എ. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ കോട്ടയത്തുള്ള അനിമോന്‍റെ ബന്ധുവായ സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. തനിക്കെതിരെ രാഷ്ട്രീയ നീക്കം നടന്നാൽ ആ പേര് താൻ വിളിച്ചു പറയുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സിപിഎം തന്‍റെ മകനെ ബാർ കോഴയിൽ പെടുത്താൻ ശ്രമിക്കുകയാണ്. അതിനുള്ള മറുപടിയും മകൻ പറഞ്ഞിട്ടുണ്ട്. ആവശ്യമില്ലാതെ സിപിഎം ആളുകളുടെ മേൽ ചെളി വാരി എറിയുകയാണ്. ബാർ ഉടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്‍റ് അനിമോൻ കോട്ടയത്തെ ഒരു സിപിഎം നേതാവിന്‍റെ ബന്ധുവാണ്. തന്‍റെ മകൻ അർജുന് ആ സംഘടനയുമായോ വാട്സ്ആപ്പ് ഗ്രൂപ്പുമായോ ഒരു ബന്ധവും ഇല്ല.  ബാർ കോഴയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കൈകൾ ആരുടേതാണെന്ന് പുറത്തുവരണമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.