ഒന്നാംഘട്ട തെരഞ്ഞെടുപ്പ്: ആന്ധ്രയില്‍ വ്യാപക സംഘര്‍ഷം; സ്ഥാനാര്‍ഥി വോട്ടിങ് യന്ത്രം തകര്‍ത്തു

ഒന്നാംഘട്ട തെരഞ്ഞെടുപ്പ് രാജ്യത്ത് പുരോഗമിക്കുന്നിനിടെ ആന്ധ്രയില്‍ വ്യാപക സംഘര്‍ഷം. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ടി.ഡി.പി പോളിങ് ബൂത്ത് തകര്‍ത്തു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. അനന്തപൂരില്‍ ജനസേനാ സ്ഥാനാര്‍ഥി വോട്ടിങ് യന്ത്രം തകര്‍ത്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടകല്‍ നിയോജകമണ്ഡലത്തില്‍ ഗുട്ടിയിലെ പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യാനെത്തിയ സ്ഥാനാര്‍ത്ഥി വോട്ടിങ് യന്ത്രം എറിഞ്ഞു തകര്‍ത്തു. വോട്ടിങ് യന്ത്രം തകര്‍ത്ത ജനസേന പാര്‍ട്ടി സ്ഥാനാര്‍ഥി മധുസൂദന്‍ ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു.

രാവിലെ ഗുട്ടിയിലെ പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യാനെത്തിയ അദ്ദേഹം വോട്ടിങ് യന്ത്രത്തില്‍ നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളുടെ പേരുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചില്ലെന്ന് ആരോപിച്ചാണ് തര്‍ക്കമുണ്ടാക്കിയത്.

പോളിങ് ഉദ്യോഗസ്ഥരുമായി കലഹിച്ച മധുസൂദന്‍ ഗുപ്ത ഇതിനിടെ വോട്ടിങ് യന്ത്രം മേശയില്‍നിന്നെടുത്ത് തറയിലെറിയുകയായിരുന്നു. ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്തു. വോട്ടിങ് യന്ത്രം തകര്‍ത്തതോടെ ഗുട്ടി പോളിങ് സ്റ്റേഷനിലെ വോട്ടെടുപ്പും മുടങ്ങി. വ്യാഴാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിലെയും നിയമസഭ തിരഞ്ഞെടുപ്പിലെയും വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്.

18 സംസ്ഥാനങ്ങളിലേയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലേയും 91 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ പോളിങ് നടക്കുന്നത്. ബിജെപി വിരുദ്ധ സഖ്യത്തിന് ഏറെ നിര്‍ണായകമായ പടിഞ്ഞാറന്‍ യു.പിയും ഇതില്‍പ്പെടുന്നു. മാവോയിസ്റ്റ് മേഖലകളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഏഴ്ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മേയ് ഇരുപത്തി മൂന്നിനാണ്.

 

https://youtu.be/uw3KcezZJpE

Comments (0)
Add Comment