
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയില്‍ കാശിബുഗ്ഗയിലുള്ള ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഏകാദശി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം പത്തായി. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും 12 വയസ്സുകാരനായ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.
തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിന്റെ പടിക്കെട്ടുകള്‍ക്ക് സമീപമുണ്ടായിരുന്ന ഇരുമ്പ് ഗ്രില്‍ തകര്‍ന്ന് വീണത് ഭക്തരെ പരിഭ്രാന്തരാക്കുകയും തിക്കും തിരക്കും വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
സംഭവം നടന്ന ക്ഷേത്രം സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. പരിപാടിക്ക് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളോ പൊലീസ് അനുമതിയോ സംഘാടകര്‍ തേടിയിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്.