കോൺഗ്രസ് നേതാവ് രാമഭദ്രൻ വധക്കേസ് : സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റംഗം ജയമോഹനെ പ്രതിചേർക്കാൻ ഉത്തരവ്

Jaihind Webdesk
Monday, September 20, 2021

കൊല്ലം : കോൺഗ്രസ് നേതാവായിരുന്ന അഞ്ചൽ നെട്ടയം രാമഭദ്രൻ വധക്കേസിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റംഗവും സിഐറ്റിയു ജില്ലാ സെക്രട്ടറിയുമായ എസ് ജയമോഹനെ പ്രതിചേർക്കാൻ കോടതി ഉത്തരവിട്ടു.  തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് ഉത്തരവ്.  കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായിരുന്നു ജയമോഹന്‍. കേസിൽ നിന്നും ഒഴിവാക്കണമെന്നുള്ള ജയമോഹൻ്റെ ഹർജി തള്ളിയാണ് പ്രതി ചേർക്കാൻ സിബിഐ കോടതി ഉത്തരവിട്ടത്.

കോണ്‍ഗ്രസ് ഏരൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന  രാമഭദ്രനെ 2010 ഏപ്രില്‍ 10 രാത്രി സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഭാര്യയുടെയും രണ്ടു പെണ്‍മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇടതു സര്‍ക്കാരിന്‍റെ കാലത്തു നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന രാമദദ്രന്റെ കുടുംബത്തിന്റെ പരാതിയെ തുടർന്നു ഹൈക്കോടതി നിർദേശ പ്രകാരം സിബിഐ അന്വേഷണം നടത്തുകയായിരുന്നു. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാന്‍ കഴിഞ്ഞയാഴ്ച ഹൈക്കോടതി സിബിഐ കോടതിയ്ക്കു നിർദേശം നൽകിയിരുന്നു.