ഷിജുഖാന്‍റെ വീഴ്ച കണ്ടെത്തിയിട്ടില്ല, വാര്‍ത്ത അടിസ്ഥാനരഹിതം ; വീണ്ടും ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി

Jaihind Webdesk
Thursday, November 25, 2021

തിരുവനന്തപുരം : ദത്ത് വിവാദത്തില്‍ ശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ വീണ്ടും ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഷിജുഖാന്  വീഴ്ച സംഭവിച്ചതായി എവിടെയും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

ശിശുക്ഷേമ സമിതിക്ക് ലൈസന്‍സ് ഇല്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും  ആരെങ്കിലും സമരം ചെയ്തതു കൊണ്ട് ആര്‍ക്കെങ്കിലും എതിരെ നടപടിയെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.  2018 ലെ ഉത്തരവനുസരിച്ച് ശിശുക്ഷേമസമിതിക്ക് കുട്ടികളെ ദത്ത് നല്‍കാനുള്ള അധികാരമില്ല, പരിപാലനം മാത്രമാണ് ചുമതല. കുഞ്ഞിനെ ലഭിച്ച് ഒരു മാസത്തിനുള്ളില്‍  ആരും പരാതി നല്‍കിയില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

അതേസമയം ദത്ത് വിവാദത്തിൽ  ഷിജുഖാന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞദിവസം ശിശുക്ഷേമ സമിതിയിലേക്ക് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു.

പൊലീസ് തീർത്ത ബാരിക്കേഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മറികടന്നതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.