‘പാർട്ടി സെക്രട്ടറിയുടെ തന്തയായാലും കഞ്ചാവ് കടത്തിയാല്‍ ജയിലില്‍ കിടക്കണം’ ; അതൃപ്തി പ്രകടമാക്കി ആനത്തലവട്ടത്തിന്‍റെ പ്രതികരണം, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

Jaihind News Bureau
Thursday, November 12, 2020

 

 

തിരുവനന്തപുരം :   സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലാണ് സംസ്ഥാനത്ത് എല്‍ഡിഎഫും സിപിഎമ്മും.  മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ആരോപണനിഴലിലാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ തുടങ്ങിയ ആരോപണങ്ങളും അന്വേഷണവും മുഖ്യമന്ത്രിയുടെ ഓഫീസും കടന്ന് മുന്നേറുന്നു. സ്വര്‍ണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന് ഇ.ഡി റിപ്പോര്‍ട്ടും പുറത്തുവന്നു. പിന്നാലെ ലഹരിക്കടത്ത് കേസില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ അറസ്റ്റിലായതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. സംഭവത്തെ പ്രതിരോധിക്കുമ്പോഴും ബിനീഷ് കുറ്റക്കാരനെന്ന് സമ്മതിക്കുകയാണ് നേതാക്കള്‍.

ബിനീഷ് കോടിയേരി വിഷയത്തില്‍ ചാനല്‍ ചർച്ചയ്ക്കിടെ   സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. പാർട്ടി സെക്രട്ടറിയുടെ മകനല്ല തന്തയായാലും കഞ്ചാവ് കടത്തിയാല്‍ ജയിലില്‍ കിടക്കണമെന്നായിരുന്നു ആനത്തലവട്ടത്തിന്‍റെ പ്രതികരണം. വിഷയത്തില്‍ നേതൃത്വത്തിനുള്ളിലെ അതൃപ്തി പ്രകടമാക്കുന്നതാണ് ആനത്തലവട്ടത്തിന്‍റെ വാക്കുകള്‍.

അതേസമയം ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി റിമാന്‍ഡില്‍. ഇഡി കസ്റ്റഡി അവസാനിച്ചതിനെത്തുടർന്നു പ്രത്യേക കോടതി ബിനീഷിനെ 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തുടർന്ന് പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റി. ഒക്ടോബർ 29ന് അറസ്റ്റ് ചെയ്തതു മുതൽ 14 ദിവസം ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. ജാമ്യാപേക്ഷ 18നു പരിഗണിക്കാനായി മാറ്റി. അതേസമയം ലഹരി ഇടപാടിൽ ബിനീഷിന്റെ പണം ഉപയോഗിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്ന എൻസിബി (നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ) കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല.