‘തൊഴിലാളികളുടെ മാത്രം കുറ്റമെന്ന് പറഞ്ഞാല്‍ പുറംകാല്‍ കൊണ്ട് അടിക്കും’; ആനത്തലവട്ടം ആനന്ദന്‍

Jaihind Webdesk
Monday, June 6, 2022

തിരുവനന്തപുരം:  കെഎസ്ആർടിസി മാനേജ്മെന്‍റിനെതിരെ രൂക്ഷമായ പ്രതികരണവുമായി സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍. ശമ്പളം മുടങ്ങാനുള്ള കാരണം തൊഴിലാളികളുടെ മാത്രം കുറ്റമെന്ന് പറഞ്ഞാല്‍ പുറംകാല്‍ കൊണ്ട് അടിക്കുമെന്ന് ആനത്തലവട്ടം പറഞ്ഞു. സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ലോയീസ് അസോസിയേഷന്‍റെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു ആനത്തലവട്ടം ആനന്ദന്‍റെ വാക്കുകള്‍.

”കെഎസ്ആര്‍ടിസിയില്‍ പണിയെടുക്കുന്ന തൊഴിലാളികളെ ദ്രോഹിക്കുന്നു. അപവാദ പ്രചാരണം നടത്തുന്നു. ബോധ്യപ്പെടുന്നവ അംഗീകരിക്കും. കുറ്റം തൊഴിലാളികളുടേത് മാത്രമെന്ന് പറഞ്ഞാൽ പുറംകാല്‍ കൊണ്ട് അടിക്കും. ബിജു പ്രഭാകർ എന്താണ് സ്വപ്നം കാണുന്നത് എന്നറിയില്ല. സ്ഥാപന നടത്തിപ്പിന്‍റെ ഉത്തരവാദിത്തം മാനേജ്മെന്‍റിനുണ്ടോ ? പ്രശ്നങ്ങളുണ്ടാകുമ്പോൾ മാനേജ്മെന്‍റിന്‍റെ പ്രശ്നം തൊഴിലാളികളുടെ മേൽ കെട്ടിവെക്കുന്നു” – ആനത്തലവട്ടം പറഞ്ഞു.

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ ആഹ്വാനം ചെയ്ത രാപ്പകല്‍ സമരം ചീഫ് ഓഫീസിന് മുന്നില്‍ ആരംഭിച്ചു. പ്രതിപക്ഷ യൂണിയന്‍റെ സമരം പ്രതിപക്ഷ നേതാവി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. സ്വിഫ്റ്റ് കമ്പനി രൂപീകരിച്ച് കെഎസ്ആർടിസിയെ തകർക്കാനാണ് ഇടതുസര്‍ക്കാരിന്‍റെ ശ്രമമെന്ന് വി.ഡി സതീശന്‍ ആരോപിച്ചു.