Rohan Bopanna| രണ്ട് പതിറ്റാണ്ട് നീണ്ട അവിസ്മരണീയ യാത്രയ്ക്ക് വിരാമം; ഇന്ത്യന്‍ ഇതിഹാസ താരം രോഹന്‍ ബൊപ്പണ്ണ ടെന്നീസില്‍ നിന്ന് വിരമിച്ചു

Jaihind News Bureau
Saturday, November 1, 2025

ന്യൂഡല്‍ഹി: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അവിസ്മരണീയമായ പ്രൊഫഷണല്‍ ടെന്നീസ് കരിയറിന് വിരാമമിട്ട് ഇന്ത്യന്‍ സൂപ്പര്‍ താരം രോഹന്‍ ബൊപ്പണ്ണ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ നാല് ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായ ബൊപ്പണ്ണ, സാമൂഹ്യമാധ്യമത്തിലെ വൈകാരികമായ കുറിപ്പിലൂടെയാണ് തീരുമാനം ലോകത്തെ അറിയിച്ചത്. കാസക്കിസ്ഥാന്റെ അലക്‌സാണ്ടര്‍ ബുബ്ലിക്കിനൊപ്പമുള്ള പാരീസ് മാസ്റ്റേഴ്സ് 1000-ലെ ഡബിള്‍സ് ആയിരുന്നു ബൊപ്പണ്ണയുടെ കരിയറിലെ അവസാന മത്സരം.

45-ാം വയസ്സില്‍ കോര്‍ട്ടിനോട് വിടപറയുമ്പോള്‍, നിരവധി ചരിത്ര നേട്ടങ്ങളാണ് ബൊപ്പണ്ണയുടെ പേരിലുള്ളത്. ഈ വര്‍ഷമാദ്യം, പുരുഷ ഡബിള്‍സില്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡ് ബൊപ്പണ്ണ സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മാത്യു എബ്ഡനുമായി ചേര്‍ന്നാണ് ഈ നേട്ടം കൈവരിച്ചത്. ഡബിള്‍സ് ടെന്നീസിലെ ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പര്‍ താരം എന്ന റെക്കോര്‍ഡും (43ാം വയസ്സില്‍) ബൊപ്പണ്ണയുടെ പേരിലുണ്ട്.

2017-ല്‍ കനേഡിയന്‍ താരം ഗബ്രിയേല ഡാബ്രോവ്സ്‌കിക്കൊപ്പം ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടവും അദ്ദേഹം നേടി. രണ്ട് പതിറ്റാണ്ടോളം രാജ്യത്തെ പ്രതിനിധീകരിച്ച് ഡേവിസ് കപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളില്‍ അദ്ദേഹം കളിച്ചു. 2016 റിയോ ഒളിമ്പിക്‌സില്‍ സാനിയ മിര്‍സയ്‌ക്കൊപ്പം മിക്‌സഡ് ഡബിള്‍സില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു.

‘എ ഗുഡ്ബൈ… ബട്ട് നോട്ട് ദി എന്‍ഡ്’ എന്ന തലക്കെട്ടോടെയാണ് ബൊപ്പണ്ണ തന്റെ വിരമിക്കല്‍ കുറിപ്പ് പങ്കുവെച്ചത്. ‘ജീവിതത്തിന് അര്‍ത്ഥം നല്‍കിയ ഒന്നിനോട് എങ്ങനെ വിട പറയും? മറക്കാനാവാത്ത 20 വര്‍ഷങ്ങള്‍ക്കുശേഷം ഞാനെന്റെ റാക്കറ്റ് ഔദ്യോഗികമായി തൂക്കിയിടുകയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്,’ അദ്ദേഹം കുറിച്ചു. കൂര്‍ഗിലെ തടി വെട്ടിയുള്ള പരിശീലന കാലഘട്ടത്തെക്കുറിച്ചും ലോകത്തിലെ വലിയ സ്റ്റേഡിയങ്ങളിലെത്തിയതിനെക്കുറിച്ചും അദ്ദേഹം വികാരഭരിതനായി സ്മരിച്ചു. മത്സരരംഗത്തുനിന്ന് വിരമിച്ചെങ്കിലും, ഇന്ത്യയിലെ ടെന്നീസിന്റെ വളര്‍ച്ചയ്ക്കായി തന്റെ അക്കാദമി വഴിയും മറ്റ് സംരംഭങ്ങളിലൂടെയും അദ്ദേഹം പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ബൊപ്പണ്ണ വ്യക്തമാക്കി.