സമയം വൈകുന്നുവെന്ന് സ്പീക്കർ ; രോഷാകുലനായി ഷംസീർ, ‘നിങ്ങൾ’ എന്ന് വിളിച്ച് മറുപടി

Friday, June 4, 2021

തിരുവനന്തപുരം : നിയമസഭയില്‍ സ്പീക്കർ എം.ബി രാജേഷിനെ ചോദ്യംചെയ്ത് എ.എൻ ഷംസീർ എംഎൽഎ. ഇരുവരും തമ്മില്‍ കഴിഞ്ഞദിവസം സഭയില്‍ നടത്തിയ സംഭാഷണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുകയാണ്. സംസാരിക്കുന്നതിനിടെ 15 മിനിറ്റായി എന്ന് സ്പീക്കർ ഓർമിപ്പിച്ചതാണ് ഷംസീറിനെ ചൊടിപ്പിച്ചത്. ‘അല്ല, അത് നിങ്ങള്‍ അപ്പുറത്ത് കണ്ടില്ല..’ എന്നായിരുന്നു ഷംസീറിന്റെ മറുപടി. സ്വയം നിയന്ത്രണം പാലിക്കണമെന്നാണ് പറഞ്ഞതെന്ന്  സ്പീക്കറും മറുപടി നല്‍കി.

ഇതോടെ സ്പീക്കർക്കെതിരെ ഷംസീർ വീണ്ടും രംഗത്തെത്തി. ‘സ്പീക്കർ എന്ന് പറഞ്ഞാൽ അൺബയാസിഡായിട്ടുള്ള (പക്ഷപാതമില്ലാത്ത) ആളായിരിക്കണം’- ഷംസീർ പറഞ്ഞു.  സ്പീക്കറെ ഷംസീർ  ‘നിങ്ങൾ’ എന്നു വിളിച്ചത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. ‘നിങ്ങള്‍’ എന്ന് വിളിച്ചത് ഷംസീര്‍ പിന്‍വലിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എയും ഷംസീറിനെ താക്കീത് ചെയ്യണമെന്ന് പിടി തോമസ് എംഎല്‍എയും ആവശ്യപ്പെട്ടു.