എ.എന്‍ ഷംസീർ കേരള നിയമസഭയുടെ 24-ാമത് സ്പീക്കർ; ലഭിച്ചത് 96 വോട്ടുകള്‍

Jaihind Webdesk
Monday, September 12, 2022

 

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ 24-ാമത് സ്പീക്കറായി എ.എൻ ഷംസീർ തെരഞ്ഞെടുക്കപ്പെട്ടു. പ്രായത്തിൽ കടന്ന പക്വതയുള്ള വ്യക്തിയാണ് ഷംസീറെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ.

സ്പീക്കർ ആയിരുന്ന എം.ബി രാജേഷ് മന്ത്രിസഭയിൽ എത്തിയതോടെയാണ് സ്പീക്കർ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സഭയിൽ ഭൂരിപക്ഷം ഉള്ളതിനാൽ എ.എൻ ഷംസീർ സ്പീക്കർ ആകുമെന്ന് ഉറപ്പായിരുന്നു. എങ്കിലും അൻവർ സാദത്തിനെ സ്ഥാനാർത്ഥിയാക്കി പ്രതിപക്ഷവും മത്സര രംഗത്ത് ഇറങ്ങി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്‍റെ അധ്യക്ഷതയിൽ ആയിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. അൻവർ സാദത്തിന് 40 വോട്ട് ലഭിച്ചപ്പോൾ എ.എൻ ഷംസീർ 96 വോട്ടുകൾ നേടി. ഷംസീറിനെ സ്പീക്കറായി തെരഞ്ഞെടുത്തതായി ഡെപ്യൂട്ടി സ്പീക്കർ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് ഷംസീറിനെ ഡയസിലേക്ക് ആനയിച്ചു. പ്രായത്തിൽ കടന്ന പക്വതയുള്ള ആളാണ് ഷംസീറെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു വി.ഡി സതീശൻ പറഞ്ഞത്. സഭയിൽ ഒന്നാം നിരയിൽ ഉണ്ടായിരുന്ന മുൻ മന്ത്രി എം.വി ഗോവിന്ദൻ രണ്ടാം നിരയിൽ എത്തി. മന്ത്രി എം.ബി രാജേഷിന്‍റെ ഇരിപ്പിടം ഒന്നാം നിരയിലാണ്. വിവിധ കക്ഷി നേതാക്കൾ സ്പീക്കറെ അഭിനന്ദിച്ചു സംസാരിച്ച ശേഷം സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.