തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് കെട്ടഴിഞ്ഞ് വീണു; രണ്ട് പേർക്ക് ദാരുണാന്ത്യം

Jaihind Webdesk
Friday, September 16, 2022

തൃശൂർ: ചാവക്കാട് ദേശീയ പാതയിൽ ട്രെയിലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് കെട്ടുപൊട്ടി വീണ് കാൽ നടയാത്രികർക്ക് ദാരുണാന്ത്യം. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 6.30 ഓടെ അകലാട് സ്കൂളിന് മുന്നിലാണ്‌ സംഭവം.

കോഴിക്കോട് ഭാഗത്ത് നിന്ന് എറന്നാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിൽ നിന്നാണ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ബ്ലോക്ക് വീണത്. കെട്ടുപൊട്ടി മുഴുവന്‍ ലോഡും റോഡിലേക്ക് വീണു. പ്രഭാത സവാരിക്കിറങ്ങിയ മുഹമ്മദലിയുടെയും ലോറിയുടെ പിറകില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാജിയുടെയും ദേഹത്തേക്കാണ് ഇവ പതിച്ചത്. ഇരുവരും തല്‍ക്ഷണം മരിച്ചു.

നാട്ടുകാരും പോലീസും ഓടിക്കൂടിയാണ് ഇരുവരേയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപകടത്തിന് പിന്നാലെ ലോറിയുടെ ഡ്രൈവര്‍ ഇറങ്ങിയോടി. ലോറിയിലുണ്ടായിരുന്ന മറ്റൊരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. കോഴിക്കോട് ഭാഗത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.