വിനോദയാത്ര പോയ ബസ് കെഎസ്ആർടിസി ബസിലിടിച്ചു; വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ 9 മരണം

Jaihind Webdesk
Thursday, October 6, 2022

വടക്കഞ്ചേരി/പാലക്കാട്: തൃശൂർ-പാലക്കാട് ദേശീയപാതയിലെ വടക്കഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ 9 മരണം. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ 5 പേർ വിദ്യാർത്ഥികളാണ്. എറണാകുളത്ത് നിന്ന് വിനോദ യാത്രയ്ക്ക് പോയവരുടെ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്.

മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ച് കയറിയാണ് വൻ അപകടമുണ്ടായത്. അപകടത്തിൽ 9 പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാൾ അധ്യാപകനുമാണ്. എൽന ജോസ് ക്രിസ്‍വിന്‍റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. ദീപു, അനൂപ്, രോഹിത് എന്നിവരാണ് കെഎസ്ആർടിസിയിലെ യാത്രക്കാർ, വിഷ്ണുവാണ് മരിച്ച അധ്യാപകൻ.

42 വിദ്യാർഥികളും രണ്ട് അധ്യാപകരും 2 ജീവനക്കാരും അടങ്ങുന്നതായിരുന്നു സംഘം. ഊട്ടിയിലേക്ക് തിരിച്ചതായിരുന്നു ഇവർ.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് വിനോദയാത്രാ സംഘം പുറപ്പെട്ടത്. 10,11,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ദേശീയ പാത വടക്കഞ്ചേരിയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ മുന്നിൽ പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്‍റെ പിന്നിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ച് കയറുകയായിരുന്നു.കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച ശേഷം ടൂറിസ്റ്റ് ബസ് തലകീഴായി ചതുപ്പിലേക്ക് മറിഞ്ഞു. സംഭവ സ്ഥലത്ത് ആദ്യം എത്തിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.