ഇന്ത്യയെ ഒന്നിപ്പിക്കാന്‍ രാഹുല്‍; കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയ്ക്ക് കന്യാകുമാരിയില്‍ നിന്ന് ആവേശോജ്വല തുടക്കം

Jaihind Webdesk
Wednesday, September 7, 2022

 

പുതുചരിത്രം രചിക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കന്യാകുമാരിയിൽ ആവേശോജ്വല തുടക്കം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍ എന്നിവര്‍ ചേര്‍ന്ന് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഉദ്ഘാടന വേദിയിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. ബ്രിട്ടീഷുകാരെപ്പോലെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുകയാണ് ബിജെപി സർക്കാരിന്‍റെയും ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്. രാജ്യത്തിന്‍റെ ദേശീയ പതാക ഭീഷണി നേരിടുകയാണെന്നും രാജ്യത്ത് അടിച്ചമര്‍ത്തപ്പെടുന്ന ജനങ്ങളുടെ ശബ്ദം കേൾക്കാനാണ് ഭാരത് ജോഡോ യാത്രയെന്നും രാഹുൽ ഗാന്ധി ഉദ്ഘാടന വേദിയിൽ വ്യക്തമാക്കി.

വൈകിട്ട് അഞ്ചരയോടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍ എന്നിവര്‍ ചേര്‍ന്ന് ദേശീയപതാക കൈമാറിയതോടെ യാത്രയ്ക്ക് തുടക്കമായി. ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ നവോത്ഥാനത്തിന്‍റെ നിമിഷമെന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദേശം ഉദ്ഘാടന വേദിയിൽ വായിച്ചു. മനസുകൊണ്ട് യാത്രയ്‌ക്കൊപ്പമാണെന്ന് സോണിയാ ഗാന്ധി സന്ദേശത്തിൽ വ്യക്തമാക്കി. തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. ബ്രിട്ടീഷ് ഏകാധിപത്യ നടപടികളാണ് ബിജെപി സർക്കാരും പിന്തുടരുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ത്യയെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുകയാണ് ബിജെപിയുടെ ലക്ഷ്യം. കർഷകർക്ക് ജീവന് വേണ്ടി പോരാടേണ്ട അവസ്ഥയാണ് രാജ്യത്തുള്ളത്. രാജ്യത്തിന്‍റെ ഭാവി ഏകപക്ഷീയമായി നിർണയിക്കാമെന്ന് ഒരു വിഭാഗം കരുതുന്നു. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രാജ്യത്ത് ഏറ്റവും രൂക്ഷമായ അവസ്ഥയിലാണ്. കോർപറേറ്റുകൾ രാജ്യം കയ്യടക്കുകയാണെന്നും ഇവരില്ലെങ്കിൽ പ്രധാനമന്ത്രിയില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം 75 വർഷം പിന്നിടുമ്പോഴും രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കേണ്ട സാഹചര്യം ഉണ്ടായി. ബിജെപി ഭരണത്തിൽ അടിച്ചമർത്തപ്പെടുന്ന ജനങ്ങളുടെ ശബ്ദം കേൾക്കാനാണ് ഈ യാത്രയെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്‍റെ ദേശീയപതാക ഭീഷണി നേരിടുന്നതായും അത് സംരക്ഷിക്കണമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. ത്രിവർണ്ണ പതാക ഏതാനും ചിലരുടേത് മാത്രമല്ലെന്നും അത് രാജ്യത്തെ ഓരോ ജനങ്ങളേയും പ്രതിനിധാനം ചെയ്യുന്നതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

”കാറ്റിൽ ഉയർന്നു പറക്കുന്ന ഇന്ത്യൻ പതാക നമുക്കിവിടെ കാണാൻ കഴിയും. ചില ആളുകൾ പതാകയിലേക്ക് നോക്കുമ്പോൾ മൂന്നുനിറങ്ങളും നടുവിൽ ചക്രവുമുള്ള സാധാരണ തുണിയായി കാണാം. പക്ഷെ ഇത് വെറും മൂന്നുനിറങ്ങളും ചക്രവുമുള്ള വെറും തുണിയല്ല. ഈ പതാക നമുക്ക് അത്ര എളുപ്പം കിട്ടിയതോ ആരും സമ്മാനിച്ചതോ അല്ല. ഇത് ഇന്ത്യക്കാർ നേടിയെടുത്തതാണ്. ഈ കൊടി പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയിലെ ഓരോ പൗരനേയുമാണ്. ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യന്‍റെയും മതത്തെയാണ്, ഭാഷകളെയായാണ്. സംസ്ഥാനങ്ങളെയാണ്. ഈ കൊടി ഒരാൾ നേടിയതല്ല. ഇത് ഇന്ത്യയിലെ ഓരോരുത്തരും നേടിയതാണ്. ഈ കൊടി ഏതെങ്കിലും സംസ്ഥാനത്തിന്‍റെയോ, ജാതിയുടെയോ, മതത്തിന്‍റെയോ, ഭാഷയുടെയോ മാത്രം പ്രതീകമല്ല. എല്ലാ ഇന്ത്യക്കാരുടെയും അടയാളമാണ്” – രാഹുല്‍ ഗാന്ധി പറഞ്ഞു

കന്യാകുമാരിയിൽ ഒരുക്കിയ പ്രത്യേകവേദിയിലായിരുന്നു ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന ചടങ്ങ്. ഗാന്ധി മണ്ഡപത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ദേശീയ പതാക രാഹുൽ ഗാന്ധിക്ക് കൈമാറിതോടെ ഭാരത് ജോഡോ യാത്രയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു . തുടർന്ന് ത്രിവർണ്ണ പതാകയുമായി ബീച്ച് റോഡിലൂടെ നടന്ന് രാഹുൽ ഗാന്ധി പൊതുസമ്മേളന വേദിയിലേക്കെത്തി. കോൺഗ്രസ് മുഖ്യമന്ത്രിമാരും പിസിസി അധ്യക്ഷൻമാരും പ്രധാന നേതാക്കളും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന ഇന്ത്യ എന്നതാണ് യാത്രയുടെ മുദ്രാവാക്യം.  സെപ്റ്റംബർ 11 നാണ് യാത്ര കേരളത്തിൽ പ്രവേശിക്കുന്നത്. 3500 ലേറെ കിലോമീറ്ററുകൾ പിന്നിടുന്ന യാത്ര 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും കടന്നുപോകും. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര 150 ദിവസങ്ങൾ കൊണ്ട് കശ്മീരിലെത്തിച്ചേരും.