ആമയിഴഞ്ചാന്‍ അപകടം; മാലിന്യ നിർമാർജനത്തില്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്

Thursday, July 18, 2024

 

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ നിർമാർജനത്തിൽ സർക്കാരും കോർപ്പറേഷനും പ്രതിക്കൂട്ടിൽ നിൽക്കുന്നതിനിടയിൽ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന് നടക്കും. മാലിന്യ നിർമാർജനമായി ബന്ധപ്പെട്ട് പരസ്പരം പഴിചാരിയും തടിയൂരിയും റെയിൽവേയും കോർപ്പറേഷനും തമ്മിൽ തർക്കം തുടരുന്നതിനിടയിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. രാവിലെ 11:30ന് ഓൺലൈൻ ആയാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം തുടങ്ങിയ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.  ആമയിഴഞ്ചൻ തോടിന്‍റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്തെ മാലിന്യ നിർമാർജനത്തിനുള്ള  പദ്ധതികൾക്ക് ഇന്ന് രൂപം നൽകും.